നവജാതശിശുവിനെ ശ്വാസംമുട്ടിച്ചുകൊന്ന സംഭവം: ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചു, പിന്നാലെ ഗർഭിണിയായി, 13കാരൻ മകനറിയാതിരിക്കാൻ കടുത്ത തീരുമാനം 2023

(www.kl14onlinenews.com)
(July -28-2023)

നവജാതശിശുവിനെ ശ്വാസംമുട്ടിച്ചുകൊന്ന സംഭവം: ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചു, പിന്നാലെ ഗർഭിണിയായി, 13കാരൻ മകനറിയാതിരിക്കാൻ കടുത്ത തീരുമാനം


അഞ്ചുതെങ്ങ്:
ജനിച്ച് ദിവസങ്ങൾ മാത്രം പ്രായംവരുന്ന കുട്ടിയുടെ മൃതദേഹം മാമ്പള്ളി കടൽത്തീരത്തുനിന്ന്‌ തെരുവ് നായ കടിച്ച് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് പൊലീസിൻ്റെപിടിയിലായത്. ജൂൺ 18ന് അഞ്ചുതെങ്ങ് കടൽത്തീരത്ത് നവജാത ശിശുവിൻ്റെ ജഡം തെരുവ് നായ്ക്കൾ കടിച്ച് വലിച്ചിഴച്ചുകൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. അന്നുമുതൽ പൊലീസ് അന്വേഷണത്തിലായിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി സമീപത്തെ ആശുപത്രികളിൽ മുഴുവൻ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് സംശയങ്ങൾ ജൂലിയിലേക്ക് എത്തുന്നത്. തുടർന്ന് ജൂലിയെ വെെദ്യപരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. ആ സമയത്താണ് ജൂലി അടുത്തു തന്നെ പ്രസവിച്ചിരുന്നു എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഇതിനുപിന്നാലെ ജൂലിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ പ്രസവിച്ചിരുന്നു എന്നും അതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്നും ജൂലി സമ്മതിക്കുകയായിരുന്നു.

വീടിനു പുറത്തെ ബാത്ത്റൂമിൽ വച്ചാണ് പ്രസവിച്ചതെന്നും പ്രസവത്തിനു പിന്നാലെ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നും ജൂലി പൊലീസിനോടു പറഞ്ഞു. തുടർന്ന് ശുചിമുറിയുടെ സമീപത്ത് തന്നെ മൃതദേഹം മറവുചെയ്യുകയായിരുന്നു. അവിടെ നിന്ന് തെരുവ് നായ്ക്കൾ മൃതദേഹം കടിച്ചെടുത്ത് കടൽത്തീരത്ത് കൊണ്ടിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ജൂലിയുടെ ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചുപോയിരുന്നു. 13 വയസ്സുള്ള മകൻ്റെ അമ്മ കൂടിയാണ് ജൂലി. ഇതിനിടയിലാണ് ജൂലി ഗർഭിണിയായതും പ്രസവിച്ചതും. അതേസമയം കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതിനു പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

തെരുവ് നായകൾ കടിച്ചു വലിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിൻ്റെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചു വലിച്ച് മാമ്പള്ളി പള്ളിയുടെ പുറകുവശത്തുള്ള ഇടവഴിയിൽ കൊണ്ടിടുകയായിരുന്നു. അപ്പോൾ മാത്രമാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊക്കിൾക്കൊടി വേർപെടാത്ത നിലയിലായിരുന്നു മൃതദേഹം. പ്രധാനമായും ആശുപത്രികൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടന്നത്. ചൊവ്വാഴ്ചയ്ക്കു മുൻപുള്ള ദിവസങ്ങളിൽ അടിയന്തര പ്രസവാനന്തര ചികിത്സയ്ക്ക് ആശുപത്രിയിൽ ആരെങ്കിലും എത്തിയിരുന്നോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചത്. പ്രസവ സംബന്ധമായി ആശുപത്രിയിൽ എത്തിയവരോ ആശുപത്രിയിൽ പോയിട്ട് അഡ്മിറ്റ് ആകാതെ തിരികെ വന്നവരോ അതല്ലാതെ ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം നടത്തിയവരോ ഉണ്ടെങ്കിൽ അറിയിക്കുവാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയി തിരികെയെത്തുന്ന വള്ളങ്ങൾ കരയ്ക്കടുപ്പിക്കുന്നതിന് വേണ്ടി പുലർച്ചേ മൂന്നരയോടെ ട്രാക്ടർ ഡ്രൈവറായ മാമ്പള്ളി സ്വദേശി സ്റ്റെജിൻ എത്തിയിരുന്നു. അപ്പോഴാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടത്. തെരുവു നായ്ക്കൾ കൂട്ടത്തോടെ എന്തിനെയോ കടിച്ചു വലിക്കുന്നത് കണ്ട് സ്റ്റെജിൻ വന്നു നോക്കുകയായിരുന്നു. ആദ്യം പാവയാണെന്നാണ് കരുതിയത്. എന്നാൽ ശ്രദ്ധിച്ചപ്പോഴായിരുന്നു ശിശുവിൻ്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മറ്റു മത്സ്യത്തൊഴിലാളികളെ വിളിച്ചു കൂട്ടി വിവരം പറയുകയായിരുന്നു. അതിനുപിന്നാലെ മത്സ്യത്തൊഴിലാളികൾ മാമ്പള്ളി വികാരിയെ വിവരമറിയിച്ചു.

വികാരിയാണ് അഞ്ചുതെങ്ങ് പൊലീസിനെ വിവരം അറിയിച്ചത്. സിഐ ജി പ്രൈജുവിൻ്റെയും എസ്ഐ മാഹിൻ്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അതേസമയം കുഞ്ഞിൻ്റെ മാതാവിനെ സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. ശക്തമായ തിരയുള്ളതിനാൽ മറ്റെവിടെയെങ്കിലും നിന്ന് കുഞ്ഞിൻ്റെ ശവശരീരം മാമ്പള്ളിയിൽ എത്തിയതാണോ എന്ന സംശയത്തിലാണ് നാട്ടുകാർ. പ്രസവിച്ചയുടൻ കുഞ്ഞിനെ കടലിൽ ഉപേക്ഷിച്ചതാകാനാണ് വഴിയെന്ന് പൊലീസ് പറയുന്നു. കാരണം കുഞ്ഞിൻ്റെ മൃതദേഹത്തിൻ്റെ പൊക്കിൾകൊടിപോലും മുറിച്ചിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. സമൂഹമറിയാതെ പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കുഞ്ഞിൻ്റെ മാതാവിനെ കണ്ടെത്തുവാനുള്ള അന്വേഷണത്തിൻ്റെ ഭാഗമായി ഫൊറൻസിക് വിഭാഗം തിരുവനന്തപുരം യൂണിറ്റിലെ മുനവീർ അലിയുടെ നേതൃത്വത്തിലും പരിശോധന നടത്തിയിരുന്നു. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നായിരുന്നു വ്യക്തമായത്.

Post a Comment

Previous Post Next Post