(www.kl14onlinenews.com)
(Jun-02-2023)
ബെംഗളൂരു: തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ചു വാഗ്ദാനങ്ങള്‍ക്കും അംഗീകാരം നല്‍കി കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍. പദ്ധതികള്‍ ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിനു പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്.
'ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അഞ്ചു വാഗ്ദാനങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു. ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ തീരുമാനിച്ചു.'- സിദ്ധരാമയ്യ പറഞ്ഞു. പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും പ്രാബല്ല്യത്തില്‍ വരുത്തുമെന്നും ജനങ്ങളിലേക്ക് എത്തുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും താനും 'ഗ്യാരന്റി കാര്‍ഡുകളില്‍' ഒപ്പിട്ടിരുന്ന കാര്യവും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
കർണ്ണാടക സർക്കാർ പ്രഖ്യാപിച്ച അഞ്ചു തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
∙ഗൃഹ ജ്യോതി: എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യം
∙ ഗൃഹ ലക്ഷ്മി: എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ
∙ അന്ന ഭാഗ്യ: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോ സൗജന്യ അരി
∙ യുവനിധി: ബിരുദധാരികളായ യുവാക്കൾക്ക് രണ്ടു വർഷത്തേക്ക് മാസം തോറും 3000 രൂപ; തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ (ഈ ആനുകൂല്യം 18 മുതല്‍ 25 വരെ വയസ്സുള്ളവർക്ക് മാത്രം)
∙ ഉചിത പ്രയാണ: സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര.
വാര്‍ഷിക ഉപഭോഗം കണക്കിലെടുത്താവും സൗജന്യ വൈദ്യുതപദ്ധതി നടപ്പാക്കുക. 200 യൂണിറ്റിനു താഴെയുള്ളവര്‍ക്ക് പണം നല്‍കേണ്ടിവരില്ല. ഗൃഹലക്ഷ്മി പദ്ധതി പ്രകാരം എല്ലാ കുടുംബത്തിലെയും ഗൃഹനാഥയക്ക്് 2000 രൂപ സഹായം നല്‍കും. ഇതിനായി ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കണം. ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ പരിശോധനകള്‍ നടത്തി ഓഗസ്റ്റ് 15 മുതല്‍ പണം നല്‍കിത്തുടങ്ങും.
അന്ന ഭാഗ്യ പദ്ധതി പ്രകാരം ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബത്തിലെ ഓരോരുത്തര്‍ക്കും പത്തു കിലോ അരി സൗജന്യമായി നല്‍കും. കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍പ് ഏഴു കിലോയാണ് കൊടുത്തിരുന്നത്. ബിജെപി സര്‍ക്കാര്‍ അത് അഞ്ചു കിലോയായി കുറച്ചിരുന്നുവെന്നും ജൂലൈ 1 മുതല്‍ 10 കിലോ നല്‍കി തുടങ്ങുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉചിത പ്രയാണ പദ്ധതി അനുസരിച്ച് ജൂണ്‍ 11 മുതല്‍ സ്ത്രീകള്‍ക്കു സൗജന്യ ബസ് യാത്ര ലഭ്യമാകും. കെഎസ്ആര്‍ടിസിയില്‍ 50 ശതമാനം സീറ്റുകള്‍ പുരുഷന്മാര്‍ക്കായി റിസര്‍വ് ചെയ്യും.
إرسال تعليق