ഏകീകൃത സിവില്‍ കോഡ്: ഭൂരിപക്ഷ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ബിജെപിയുടെ പദ്ധതിയെന്ന് പിണറായി

(www.kl14onlinenews.com)
(June-29-2023)

ഏകീകൃത സിവില്‍ കോഡ്: ഭൂരിപക്ഷ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ബിജെപിയുടെ പദ്ധതിയെന്ന് പിണറായി

ഏകീകൃത സിവിൽ കോഡിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സിവില്‍ കോഡിൽ പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി 'ഒരു രാഷ്ട്രം ഒരു സംസ്കാരം' എന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂയെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ഏകീകൃത സിവില്‍ കോഡിനുപകരം വ്യക്തിനിയമങ്ങളിലെ വിവേചനപരമായ സമ്പ്രദായങ്ങളുടെ പരിഷ്കരണത്തിനും ഭേദഗതികള്‍ക്കും അനുകൂലമായ ശ്രമങ്ങളാണുണ്ടാവേണ്ടത്. അത്തരം ശ്രമങ്ങള്‍ക്ക് ആ വിശ്വാസ സമൂഹത്തിന്‍റെ പിന്തുണ അത്യാവശ്യവുമാണെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളിലൂടെയാണ് അതുണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

"ഏതൊരു മതത്തിലെയും പരിഷ്കരണ പ്രസ്ഥാനങ്ങള്‍ അവയ്ക്കകത്തു നിന്നാണ് ഉണ്ടായിട്ടുള്ളത്. പെട്ടെന്നൊരു എക്സിക്യുട്ടീവ് തീരുമാനത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല ഇത്. ഏകീകൃത സിവില്‍ കോഡ് ഈ ഘട്ടത്തില്‍ ആവശ്യകതയുള്ളതോ അഭികാമ്യമോ അല്ലെന്ന് കഴിഞ്ഞ ലോ കമ്മീഷന്‍ 2018 ല്‍ വിലയിരുത്തിയിരുന്നു. ആ നിലപാടില്‍ നിന്നും വ്യതിചലിക്കേണ്ട സാഹചര്യം പെട്ടെന്ന് എങ്ങനെ ഉണ്ടായി എന്നാണ് പുതിയ നീക്കത്തിന്‍റെ വക്താക്കള്‍ ആദ്യം വിശദീകരിക്കേണ്ടത്."- മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post