(www.kl14onlinenews.com)
(Jun-15-2023)
ന്യൂഡല്‍ഹി: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയുടെ നായകസ്ഥാനം തുലാസില്‍? താരം ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷമായിരിക്കും ടെസ്റ്റ് ക്രിക്കറ്റിലെ രോഹിതിന്റെ ഭാവി സംബന്ധിച്ച് ബിസിസിഐ ഒരു തീരുമാനം എടുക്കുക. ജുലൈ 12-നാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് തുടക്കം.
“രോഹിതിനെ നായകസ്ഥാനത്ത് നീക്കുമെന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തികരിക്കാന്‍ രോഹിതിന് സാധിക്കുമോയെന്നത് വലിയ ചോദ്യമാണ്. കാരണം രോഹിതിന് 2025 ആകുമ്പോള്‍ പ്രായം 38 എത്തും,” മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
‘നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും അദ്ദേഹത്തിന്റെ പ്രകടനവും കണക്കിലെടുത്തായിരിക്കും തീരുമാനം. ഡിസംബര്‍ അവസാനം വരെ ഇന്ത്യക്ക് മറ്റ് ടെസ്റ്റുകള്‍ ഇല്ല. അതിനാല്‍ തന്നെ ധാരാളം സമയം മുന്നിലുണ്ട്. പെട്ടെന്നൊരും തീരുമാനം എടുക്കേണ്ടതില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റില്‍ നായക പദവി ഏറ്റെടുക്കാന്‍ രോഹിത് തയാറായിരുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ നിര്‍ബന്ധത്തിന് രോഹിത് വഴങ്ങുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
രോഹിത് നായകസ്ഥാനത്ത് എത്തിയതിന് ശേഷം 10 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. പക്ഷെ രോഹിത് ഭാഗമായത് ഏഴെണ്ണത്തില്‍ മാത്രമായിരുന്നു. ഒരു സെഞ്ചുറി ഉള്‍പ്പടെ 390 റണ്‍സാണ് രോഹിത് നേടിയത്. വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര എന്നിവരുടേതും സമാന പ്രകടനമാണ്. ഒരു സെഞ്ചുറി മാത്രമാണ് ഇരുവര്‍ക്കും നേടാനായത്.
Post a Comment