കേരളത്തിന് പുതിയ മെഡിക്കല്‍ കോളേജ് ഇല്ല; സംസ്ഥാനത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോഗ്യമന്ത്രി 2023

(www.kl14onlinenews.com)
(Jun-09-2023)

കേരളത്തിന് പുതിയ മെഡിക്കല്‍ കോളേജ് ഇല്ല; സംസ്ഥാനത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് പുതിയ മെഡിക്കൽ കോളേജുകള്‍ അനുവദിച്ചപ്പോൾ കേന്ദ്രം കേരളത്തെ അവഗണിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വയനാട്ടിൽ മെഡിക്കൽ കോളേജ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയതായി 50 മെഡിക്കൽ കോളേജുകളും 125 നഴ്സിംഗ് കോളജുകളും അനുവദിച്ചെങ്കിലും കേരളത്തിന് ഒന്നുമില്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്. കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങള്‍ക്ക്‌ 50 മെഡിക്കൽ കോളേജുകൾ കേന്ദ്രം അനുവദിച്ചതിൽ കേരളത്തിന് ഒരെണ്ണം പോലുമില്ല. ഇതിനുമുമ്പ് 125 നഴ്സിങ് കോളേജ് അനുവദിച്ചതിലും കേരളത്തിന് ഒന്നും അനുവദിച്ചില്ല. കേരളം ഇന്ത്യയിലല്ല എന്ന രീതിയിലാണ് കേന്ദ്രത്തിന്റെ സമീപനമെന്നും മന്ത്രി വിമര്‍ശിച്ചു.

ഗോത്രവർഗ മേഖലയിലുള്ള വയനാട് ആശുപത്രിയുടെ പ്രാധാന്യം കേന്ദ്രത്തിനെ അറിയിച്ചിരുന്നു. വയനാട് ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം വേണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Post a Comment

Previous Post Next Post