(www.kl14onlinenews.com)
(Jun-07-2023)
കൊച്ചി: ജോലിക്കായി മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി വിദ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
കോളജ് അധികൃതരുടെ പരാതിയിൽ വിദ്യക്കെതിരെ കേസെടുത്ത എറണാകുളം സെൻട്രൽ പൊലീസ്, കോളജ് പ്രിൻസിപ്പലിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കുറ്റകൃത്യം നടന്നത് പാലക്കാട് അഗളി സ്റ്റേഷന്‍ പരിധിയിലായതിനാല്‍, കേസ് അഗളി പൊലീസിന് കൈമാറും.
വിദ്യ എറണാകുളം മഹാരാജാസിൽ മലയാളം വിഭാഗത്തിൽ 2018-19, 2020-21 കാലയളവിൽ ഗെസ്റ്റ് ലെക്ചറായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണുണ്ടാക്കിയത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെ സർക്കാർ കോളജിൽ മലയാളം വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗെസ്റ്റ് ലെക്ചറായി ജോലി ചെയ്തു. ഇത്തവണ എറണാകുളത്തെ മറ്റൊരു കോളജിൽ ഗെസ്റ്റ് ലെക്ചറർ അഭിമുഖത്തിന് ചെന്നെങ്കിലും മഹാരാജാസിലെ അധ്യാപിക അഭിമുഖ പാനലിൽ ഉണ്ടായിരുന്നതിനാൽ വ്യാജ രേഖ ഹാജരാക്കാനായില്ല. ഇതിന് ശേഷമാണ് അട്ടപ്പാടി ഗവ. കോളജിൽ അഭിമുഖത്തിന് ചെല്ലുന്നത്. പത്തുവർഷമായി മഹാരാജാസ് കോളജിൽ മലയാളം വിഭാഗത്തിൽ ഗെസ്റ്റ് ലെക്ചറർ നിയമനം നടന്നിട്ടേയില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സർട്ടിഫിക്കറ്റിലെ കോളജിന്‍റെ എംബ്ലവും സീലും വ്യാജമാണ്.
വിദ്യ കരിന്തളം ഗവ. കോളജിൽ ജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗെസ്റ്റ് ലക്ചറർ ആയാണ് ജോലി ചെയ്തത്.
കാലടി സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്നു വിദ്യ. മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിനൊപ്പം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് വിവാദം കൂടി വന്നതോടെ സി.പി.എം പ്രതിരോധത്തിലായിരിക്കുകയാണ്. അട്ടപ്പാടി കോളജിന് പുറമേ കരിന്തളം കോളജിലും കെ. വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയെന്നാണ് കണ്ടെത്തൽ. മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ വിദ്യക്ക് കാലടി സർവകലാശാലയിൽ പിഎച്ച്.ഡിക്ക് പ്രവേശനം ലഭിക്കാൻ മന്ത്രി പി. രാജീവ് ഇടപെട്ടു എന്ന ആരോപണത്തിലും സി.പി.എമ്മിന് മറുപടി പറയേണ്ടിവരും. വിവാദങ്ങളിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.
Post a Comment