(www.kl14onlinenews.com)
(June-29-2023)
ബോട്ടിൽ യാത്ര ചെയ്യവേ അരക്കോടിയിലേറെ വില വരുന്ന ആഡംബര വാച്ച് കടലിൽ പോയി; 'മുങ്ങിത്തപ്പി' കണ്ടെത്തി ദുബായ് പൊലീസ്
ദുബായ്: പാം ജൂമൈറയിൽ ഉല്ലാസ ബോട്ടിൽ യാത്ര ചെയ്ത സംഘത്തിന്‍റെ കടലിൽ നഷ്ടപ്പെട്ട അരക്കോടിയിലേറെ രൂപ (250,000ദിർഹം) വില വരുന്ന ആഢംബര വാച്ച് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ദുബായ് പൊലീസിന്റെ മുങ്ങൽ വിദഗ്ധ സംഘം. യുഎഇ പൗരന്റെ വാച്ചാണ് കടലാഴങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തി തിരിച്ചുകൊടുത്തത്.
ഹമീദ് ഫഹദ് അലമേരിയും സുഹൃത്തുക്കളും ദുബായിലെ പാം ജുമൈറയിൽ നിന്ന് ഉല്ലാസബോട്ടിൽ യാത്ര ആസ്വദിക്കുമ്പോഴായിരുന്നു കൂട്ടത്തിലൊരാളുടെ വിലപിടിപ്പുള്ള റോളക്സ് വാച്ച് അബദ്ധത്തിൽ കടലിൽ വീണത്. വാച്ചിന് 250,000 ദിർഹമായിരുന്നു വിലയെന്ന് ഹമീദ് ഫഹദ് പറഞ്ഞു. വെള്ളത്തിന്റെ ആഴം കണക്കിലെടുക്കുമ്പോൾ, വാച്ച് കണ്ടെത്തുന്നത് അസാധ്യമാണെന്ന് അവർക്ക് തോന്നി. എന്നാൽ ഹമീദ് ഫഹദ് ഉടൻ തന്നെ ദുബായ് പൊലീസിൽ വിവരമറിയിച്ചു. മിനിറ്റുകൾക്കകം ദുബായ് പൊലീസിന്റെ മുങ്ങൽ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി. 30 മിനിറ്റിനുള്ളിൽ അവർ അത് സമുദ്രത്തിന്റെ അടിയിൽ കണ്ടെത്തുകയും ചെയ്തു. വാച്ചുമായി എത്തിയ പൊലീസ് സംഘത്തെ അഭിനന്ദങ്ങളുടെ കരഘോഷത്തോടെയാണ് എല്ലാവരും വരവേറ്റത്. എക്കാലത്തെയും മികച്ച പൊലീസ് സേവനമാണിതെന്നും മുങ്ങൽ വിദഗ്ധർക്ക് നന്ദിയുണ്ടെന്നും ഹമീദ് ഫഹദ് പറഞ്ഞു.
ഇത് ആദ്യമായല്ല ദുബായ് പൊലീസ് വിലപിടിപ്പുള്ള വസ്തുക്കൾ വെള്ളത്തിനടിയിൽ നിന്ന് വീണ്ടെടുക്കുന്നത്. 2021-ൽ ഹത്ത അണക്കെട്ടിന്റെ ആഴത്തിൽ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ട ഒരു സന്ദർശകനും ദുബായ് പൊലീസ് രക്ഷകരായി. വളരെ വേഗത്തിലായിരുന്നു സാധനങ്ങളെല്ലാം വീണ്ടെടുത്തു കൊടുത്തത്. അതിനുമുമ്പ് ഡാമിൽ കയാക്കിങ് നടത്തുന്നതിനിടെ ഐഡിയും ക്രെഡിറ്റ് കാർഡുകളും വാഹനത്തിന്റെ താക്കോലും രണ്ട് ഫോണുകളും ഒരാൾക്ക് നഷ്ടപ്പെട്ടപ്പോൾ അവയെല്ലാം കണ്ടെത്തിക്കൊടുത്തു. ദുബായ് പൊലീസ് ഒരു വനിതാ വിനോദസഞ്ചാരിക്ക് ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട 1,10,000 ദിർഹത്തിന്റെ വാച്ച് തിരിച്ചെടുത്തുകൊടുത്തത് ഈ വർഷം ജനുവരിയിലായിരുന്നു.
Post a Comment