സ്വന്തമാക്കാം, ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ്

(www.kl14onlinenews.com)
(June-25-2023)

സ്വന്തമാക്കാം, ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ്
ദോഹ: ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് വേഗത്തിലെടുക്കാം. പൗരത്വമുള്ള രാജ്യത്തു നിന്നോ അല്ലെങ്കിൽ താമസിക്കുന്ന രാജ്യത്ത് (റസിഡൻസി പെർമിറ്റുള്ള) നിന്നോ ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ കഴിയും.

സന്ദർശിക്കുന്ന രാജ്യം ചുറ്റിക്കാണാൻ വാഹനവും ഡ്രൈവറും ഉൾപ്പെടെ വാടകയ്ക്ക് എടുക്കുന്നവരാണ് മിക്കവരും. കൈവശം ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ വാഹനം വാടകയ്ക്ക് എടുത്ത് സ്വന്തമായി ഡ്രൈവ് ചെയ്യാം. സന്ദർശിക്കുന്ന രാജ്യത്തെ ഗതാഗത ചട്ടങ്ങൾ അറിഞ്ഞിരിക്കണമെന്ന് മാത്രമല്ല അവ കൃത്യമായി പാലിച്ചു വേണം വാഹനം ഓടിക്കാൻ.

മിക്ക രാജ്യങ്ങളിലും ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് അംഗീകരിക്കുന്നുണ്ട്. ഖത്തറിലുള്ളവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എങ്ങനെ എടുക്കാം, എന്തൊക്കെ രേഖകൾ, എവിടെ നിന്ന് ലഭിക്കും എന്നിവ അറിയാം.

ലൈസൻസ് എടുക്കാൻ

അതത് രാജ്യങ്ങളിലെ (സ്വദേശത്തെ അല്ലെങ്കിൽ റസിഡൻസിയുള്ള രാജ്യത്തെ) സർക്കാർ അംഗീകൃത ഡ്രൈവിങ് ലൈസൻസ് കൈവശമുള്ളവർക്കാണ് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ കഴിയുക. ഖത്തറിലെ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ അല്ലെങ്കിൽ ഖത്തറിൽ നിന്നോ ഇന്റർനാഷനൽ ലൈസൻസ് എടുക്കാം.

ഏതൊരു രാജ്യത്തും സന്ദർശക വീസയിലെത്തുന്നവർക്കാണ് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസിൽ വാഹനം ഓടിക്കാൻ കഴിയുക. ഖത്തറിലെ നിയമം അനുസരിച്ച് ടൂറിസ്റ്റ് വീസയിലെത്തുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് പരമാവധി ഒരു മാസം വരെ വാഹനം ഓടിക്കാം. ഖത്തറിലെ അംഗീകൃത ഇന്റർനാഷനൽ മോട്ടർ ക്ലബ്ബുകളിലോ അംഗീകൃത ട്രാവൽ ഏജൻസികളിലോ ലൈസൻസിനായി അപേക്ഷ നൽകാം. ഒട്ടുമിക്ക ട്രാവൽ ഏജൻസികൾക്കും ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് നൽകാൻ അനുമതിയുണ്ട്.

ഖത്തറിലാണ് അപേക്ഷിക്കുന്നതെങ്കിൽ ഡ്രൈവിങ് ലൈസൻസ്, റസിഡൻസി പെർമിറ്റ്, 2 ഫോട്ടോ, പാസ്‌പോർട് കോപ്പി എന്നിവയാണ് അപേക്ഷിക്കാനുള്ള രേഖകൾ. പരമാവധി 10-20 മിനിറ്റിനുള്ളിൽ ലൈസൻസ് ലഭിക്കും. നേരത്തെ കാർഡ് ആയിരുന്നത് ഇപ്പോൾ ഇ-കോപ്പിയായും ലഭിക്കും. 200 റിയാലിൽ താഴെയാണ് ഫീസ്. ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസിന് 6 മാസം മുതൽ ഒരു വർഷം വരെയാണ് കാലാവധി.

Post a Comment

Previous Post Next Post