ഗുജറാത്ത് തീരം തൊട്ട് ബിപാര്‍ജോയ്;125 കി.മീ, ജാഗ്രതയോടെ രാജ്യം

(www.kl14onlinenews.com)
(Jun-15-2023)

ഗുജറാത്ത് തീരം തൊട്ട് ബിപാര്‍ജോയ്;125 കി.മീ, ജാഗ്രതയോടെ രാജ്യം

ബിപാര്‍ജോയ് ചുഴലിക്കാറ്റ് തീരം തൊട്ടു. ഗുജറാത്തിലെ കച്ചില്‍ ചുഴലിക്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. മണിക്കൂറില്‍ 115-125 കിലോമീറ്റര്‍ വേഗതയിലാണ് പ്രദേശത്ത് കാറ്റ് വീശുന്നത്. നിലവില്‍ സൗരാഷ്ട്രയുടെ എല്ലാ മേഖലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അര്‍ദ്ധരാത്രി വരെ കാറ്റ് വീശുന്നത് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ.മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷം ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് രാജസ്ഥാനിലേക്ക് തിരിയും.

ബിപാര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. എന്‍ഡിആര്‍എഫിന്റെ 17 ടീമുകളും എസ്ഡിആര്‍എഫിന്റെ 12 ടീമുകളുമാണ് ഗുജറാത്തില്‍ വിന്യസിച്ചിരിക്കുന്നത്. നാവികസേനയുടെ 4 കപ്പലുകളും സജ്ജീകരിച്ചിട്ടുണ്ട്.

മുന്‍കരുതല്‍ നടപടിയെന്നോണം തീരത്ത് താമസിക്കുന്ന 74,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഗുജറാത്തും മഹാരാഷ്ട്രയും ഉള്‍പ്പെടെ 9 സംസ്ഥാനങ്ങള്‍ ചുഴലിക്കാറ്റിന്റെ ഭീഷണിയിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, രാജസ്ഥാന്‍ (പടിഞ്ഞാറ്) എന്നിവയാണ് ഈ ഒമ്പത് സംസ്ഥാനങ്ങള്‍. ബിപാര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കച്ചില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. അപകട സാധയത കണക്കിലെടുത്ത് പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

Post a Comment

Previous Post Next Post