മണിപ്പൂർ സംഘർഷം: അക്രമങ്ങള്‍ തടയാൻ കഴിഞ്ഞില്ലെങ്കില്‍ വെടിവയ്ക്കാന്‍ ഉത്തരവ്

(www.kl14onlinenews.com)
(04-May-2023)

മണിപ്പൂർ സംഘർഷം: അക്രമങ്ങള്‍ തടയാൻ കഴിഞ്ഞില്ലെങ്കില്‍ വെടിവയ്ക്കാന്‍ ഉത്തരവ്
ഇംഫാല്‍: മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ വെടിവെക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍. അക്രമം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യമുണ്ടായാല്‍ മാത്രം വെടിവെപ്പ് നടത്താനാണ് നിര്‍ദേശം. ജില്ലാ മജിസ്‌ട്രേറ്റുമാര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ക്കാണ് മണിപ്പൂര്‍ ഗവര്‍ണര്‍ വെടിവെപ്പിന് അനുമതി നല്‍കിയത്.
മണിപ്പൂര്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മെയ്തി സമുദായത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിച്ചത്. ചുരാചന്ദ്പൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച റാലി അക്രമാസക്തമാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബിഷ്ണുപൂര്‍ ജില്ലയുടെ അതിര്‍ത്തിയില്‍ ഒരു സംഘം ആളുകള്‍ ഏറ്റുമുട്ടിയതായും ഇംഫാല്‍ നഗരത്തില്‍ ആദിവാസികളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തുടര്‍ന്ന് മണിപ്പൂരിലെ എട്ടു ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇംഫാല്‍ വെസ്റ്റ്, കാക്ചിംഗ്, തൗബല്‍, ജിരിബാം, ബിഷ്ണുപൂര്‍ ജില്ലകളിലും ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള ചുരാചന്ദ്പൂര്‍, കാങ്‌പോക്പി, തെങ്‌നൗപാല്‍ ജില്ലകളിലുമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.
തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടയ്ക്കിടെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെയാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. ഇംഫാലിന്റെ മിക്ക ഭാഗങ്ങളിലും രാത്രി വൈകിയും പൊലീസ് കണ്ണീര്‍ വാതക ഷെല്ലാക്രമണം നടത്തിയിരുന്നു. അക്രമത്തില്‍ മരണവും നാശനഷ്ടവും ഉണ്ടായിട്ടുയെന്ന് മഖ്യമന്ത്രി ബീരേന്‍ സിങ് പറഞ്ഞു. രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ക്രമസമാധാന പാലനത്തിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്

Post a Comment

أحدث أقدم