ബെംഗളുരുവില്‍ കനത്തമഴ; വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി യാത്രക്കാരി മരിച്ചു

(www.kl14onlinenews.com)
(21-May-2023)

ബെംഗളുരുവില്‍ കനത്തമഴ; വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി യാത്രക്കാരി മരിച്ചു
ബെംഗളുരു നഗരത്തിലുണ്ടായ അപ്രതീക്ഷിത പെരുംമഴയില്‍ യുവതി മുങ്ങിമരിച്ചു. നിയമസഭയ്ക്കു സമീപമുള്ള കെ.ആര്‍. സര്‍ക്കിളിലെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ മുങ്ങിയ കാറിലുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശിനി ബാനുരേഖയെന്ന 22കാരിയാണു മരിച്ചത്. ഇന്‍ഫോസിസ് ജീവനക്കാരിയായ ബാനു കുടുംബസമേതം ഹൈദരാബാദില്‍ നിന്നു നഗരത്തിലേക്കു വരുമ്പോഴായിരുന്നു അപകടം. വെള്ളക്കെട്ടിന്റെ ആഴം മനസിലാക്കാതെ കാര്‍ ഇറക്കിയതാണ് അത്യാഹിതത്തില്‍ കലാശിച്ചത്. വെള്ളത്തില്‍ മുങ്ങിയ കാറില്‍ നിന്നു യാത്രക്കാരെ നാട്ടുകാരും ഫയര്‍ഫോഴ്സുമാണ് രക്ഷപ്പെടുത്തിയത്.

അതീവഗുരുതരാവസ്ഥിയിലായിരുന്ന ബാനുരേഖയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാനുവിനു ചികിത്സ വൈകിയെന്ന ആരോപണമുയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 3.30നു തുടങ്ങിയ മഴയില്‍ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. മരച്ചില്ലകള്‍ വ്യാപകമായി ഒടിഞ്ഞുവീഴുകയും അടിപ്പാതകള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തതോടെ വാഹന ഗതാഗതം നിശ്ചലമായി.

Post a Comment

Previous Post Next Post