കര്‍ണാടകയില്‍ ആരാകും മുഖ്യമന്ത്രി, സസ്‌പെന്‍സ്; തീരുമാനം നീളില്ല

(www.kl14onlinenews.com)
(14-May-2023)

കര്‍ണാടകയില്‍ ആരാകും മുഖ്യമന്ത്രി, സസ്‌പെന്‍സ്; തീരുമാനം നീളില്ല

ബെംഗളൂരു: കോണ്‍ഗ്രസിന്റെ മികച്ച തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആര് മുഖ്യമന്ത്രിയാവും എന്നതാണ് കര്‍ണാടകയില്‍ നിന്നും ഉയരുന്ന അടുത്ത ചോദ്യം. അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാവുമോ അല്ലെങ്കില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ നയിക്കുമോയെന്നാണ് അറിയേണ്ടത്. മൂന്നോ നാലോ ദിവസത്തിനകം ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു സമവായത്തിലെത്തിയേക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ കണക്കുകൂട്ടല്‍. ഞായറാഴ്ച പാര്‍ട്ടി നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ ആദ്യപടി മാത്രമായിരിക്കും ഇതെന്നാണ് സൂചന.

ട്രബിള്‍ ഷൂട്ടര്‍ ഡി കെയെ മുഖ്യമന്ത്രിയാക്കി ഉയര്‍ത്തണമെന്ന ആവശ്യം ചില കേന്ദ്രങ്ങളില്‍ നിന്നും ശക്തിപ്പെട്ടിട്ടുണ്ട്. എന്നാല്‍ താഴെത്തട്ടില്‍ സ്വാധീനമുള്ള ഒബിസി മുഖമായ സിദ്ധരാമയ്യ നേതൃപാഠവമുള്ള ഭരണാധികാരിയാണെന്ന് തെളിയിച്ചയാളാണ്. നിയമസഭാംഗങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാല്‍ സിദ്ധരാമയ്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. എംഎല്‍എമാരുടെ കൂടി അഭിപ്രായം പരിഗണിച്ച് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ള വിവിധ കേസുകളാണ് ഡികെയ്ക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 50 ദിവസത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞ ഡി കെ നിലവില്‍ ജാമ്യത്തിലാണ്. ഡി കെ മുഖ്യമന്ത്രിയായാല്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, ഐ ടി വകുപ്പ് എന്നിവയുടെ മുന്നിലുള്ള കേസുകള്‍

വിനയാകുമോയെന്ന ആശങ്കയുണ്ട്. ഇത് പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കും. ഈ സാഹചര്യത്തില്‍ സിദ്ധരാമയ്യക്ക് സാധ്യതയേറുകയാണ്. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായോ ആഭ്യന്തരം പോലുള്ള പ്രധാനപ്പെട്ട വകുപ്പുകളോ ഏല്‍പ്പിച്ചേക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് സംസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച ഡി കെയെ കോണ്‍ഗ്രസിന് അവഗണിക്കാനാവില്ല. ഈ സാഹചര്യത്തില്‍ സിദ്ധരാമയ്യയും ഡികെയും അഞ്ച് വര്‍ഷ കാലാവധി പങ്കിട്ടെടുക്കാനും സാധ്യതയുണ്ട്. എന്നാല്‍ അത്തരമൊരു രാഷ്ട്രീയ സാഹചര്യം കര്‍ണാടകയില്‍ ഇതുവരേയും ഉണ്ടായിട്ടില്ല.

Post a Comment

أحدث أقدم