സഹോദരന്‍റെ ഭാര്യയെ ലക്ഷ്യം വെച്ച് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി; 12 കാരന്റെ മരണം കൊലപാതകമെന്ന് സംശയം 2023

(www.kl14onlinenews.com)
(21-April-2023)

സഹോദരന്‍റെ ഭാര്യയെ ലക്ഷ്യം വെച്ച് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി; 12 കാരന്റെ മരണം കൊലപാതകമെന്ന് സംശയം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഛര്‍ദ്ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ മുഹമ്മദലിയുടെ സഹോദരി താഹിറ (38)യെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് നല്‍കിയതാണ് മരണ കാരണമെന്ന് തെളിഞ്ഞു.

മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യം വെച്ചായിരുന്നു വിഷം ചേര്‍ത്തതെന്ന് ചോദ്യം ചെയ്യലില്‍ താഹിറ സമ്മതിച്ചു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ അവര്‍ വീട്ടില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മകന്‍ ഇത് കഴിക്കുകയായിരുന്നു. താഹിറക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരും തൊട്ടടുത്ത വീടുകളിലാണ് താമസിക്കുന്നത്. അരിക്കുളത്തെ കടയില്‍ നിന്നും വാങ്ങിയ ഫാമിലി പാക്ക് ഐസ്‌ക്രീമിലാണ് താഹിറ വിഷം ചേര്‍ത്തത്.
കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതെതുടര്‍ന്നാണ് കൊയിലാണ്ടി പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. സംഭവത്തില്‍ പൊലീസ് നിരവധിപേരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം താഹിറയിലേക്ക് എത്തുകയായിരുന്നു. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ചികിത്സക്കായി കുട്ടിയെ ആദ്യം വീടിന് സമീപത്തുളള മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും എത്തിച്ചിരുന്നു. എന്നാല്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു.

Post a Comment

أحدث أقدم