ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് 9 വിക്കറ്റ് തോൽവി; ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഓസ്ട്രേലിയ ഫൈനലില്‍; അഹമ്മദാബാദില്‍ ഇന്ത്യക്ക് ജിവന്‍മരണപ്പോരാട്ടം

(www.kl14onlinenews.com)
(03-Mar-2023)

ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് 9 വിക്കറ്റ് തോൽവി;
ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ്ഓസട്രേലിയ ഫൈനലില്‍; അഹമ്മദാബാദില്‍ ഇന്ത്യക്ക് ജിവന്‍മരണപ്പോരാട്ടം

ഇന്‍ഡോര്‍:
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് വമ്പന്‍ ജയം. മൂന്നാം ദിനം 76 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ ആദ്യ സെഷനില്‍ തന്നെ മത്സരം കൈപ്പിടിയിലാക്കി. 9 വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം.

ആദ്യ ഓവറിൻ്റെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയെ പുറത്താക്കി രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഇന്ത്യയുടെ ബൗളിംഗ് നിരയില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ട്രാവിസ് ഹെഡ് 53 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്നമനായി ക്രീസിലെത്തിയ മാര്‍നസ് ലബുഷെയ്ന്‍ കരുതലോടെയാണ് കളിച്ചത്. 58 പന്തുകള്‍ നേരിട്ട ലബുഷെയ്ന്‍ 28 റണ്‍സുമായി ഹെഡിന് ഉറച്ച പിന്തുണ നല്‍കിയതോടെ ഓസീസിന് കാര്യങ്ങള്‍ എളുപ്പമായി.

2021ന് ശേഷം സ്വന്തം മണ്ണില്‍ ആദ്യമായാണ് ഇന്ത്യ തോല്‍വി വഴങ്ങുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ സ്വന്തം നാട്ടില്‍ വഴങ്ങുന്ന നാലാമത്തെ മാത്രം പരാജയമായി ഇത് മാറി. ഇതിന് മുമ്പ് 2012ലും 2021ലും ഇംഗ്ലണ്ടും 2017ല്‍ ഓസ്‌ട്രേലിയയും മാത്രമാണ് ഇന്ത്യയില്‍ ടെസ്റ്റ് മത്സരം വിജയിച്ച ടീമുകള്‍. നാഗ്പൂരിലും ഡല്‍ഹിയിലും വിജയിച്ച ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി കഴിഞ്ഞു. 4 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. അഹമ്മദാബാദിലാണ് അവസാന ടെസ്റ്റ് നടക്കുക.

ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ്: ഓസട്രേലിയ ഫൈനലില്‍; അഹമ്മദാബാദില്‍ ഇന്ത്യക്ക് ജിവന്‍മരണപ്പോരാട്ടം

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയ ഫൈനലിലെത്തി. നാലു മത്സര പരമ്പരയില്‍ ഒരെണ്ണമെങ്കിലും ജയിച്ചാല്‍ ഓസ്ട്രേലിയക്ക് ഫൈനല്‍ ഉറപ്പിക്കാമായിരുന്നു. ഇന്‍ഡോര്‍ ടെസ്റ്റിലെ ജയത്തോടെ ഓസ്ട്രേലിയ ഫൈനലിലെത്തിയപ്പോള്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പാക്കാന്‍ ഒമ്പത് മുതല്‍ അഹമ്മദാബാദില്‍ നടക്കുന്ന അവസാന ടെസ്റ്റ് വരെ കാത്തിരിക്കണം. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവിലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.

നേരത്തെ ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ ദക്ഷിണാഫ്രിക്ക ഫൈനലിലെത്താതെ പുറത്തായിരുന്നു. ഓസ്ട്രേലിയ ഫൈനലിലെത്തിയതോടെ ഇനി ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഫൈനല്‍ ബെര്‍ത്തിനായി ഏറ്റുമുട്ടുക.

Post a Comment

Previous Post Next Post