ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾ, തുറന്ന വയർ അടയ്ക്കാനായിട്ടില്ല; ഷീബയുടേത് ദുരിത ജീവിതം

(www.kl14onlinenews.com)
(14-Mar-2023)

ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾ, തുറന്ന വയർ അടയ്ക്കാനായിട്ടില്ല; ഷീബയുടേത് ദുരിത ജീവിതം
കൊല്ലം: ഗണേഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച രോഗിയായ സ്ത്രീയുടെ അവസ്ഥ ദുരിതത്തിൽ. ഗർഭാശയ മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയാണ് വാഴപ്പാറ സ്വദേശിനി ഷീബയുടെ ജീവിതം ദുരിതത്തിലാക്കിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ഇവരുടെ വയറു കൂട്ടി യോജിപ്പിക്കാനായിട്ടില്ല. നിയമസഭയിൽ ആരോഗ്യവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പ്രസംഗിക്കവെയാണ് എംഎൽഎ പത്തനാപുരം സ്വദേശിയായ സ്ത്രീയുടെ ശസ്ത്രക്രിയയിലുണ്ടായ പിഴവ് ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭാശയ മുഴ നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ഷീബയുടെ ശസ്ത്രക്രിയ നടത്തിയത്. പരിശോധനയിൽ തടിപ്പ് കണ്ടെത്തിയതോടെ ഒന്നരമാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നിട്ടും വേദനയ്ക്ക് കുറവില്ലായതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. മാസങ്ങളുടെ ഇടവേളകളിൽ അഞ്ച് ശസ്ത്രക്രിയകൾ വീണ്ടും നടത്തി. ഒരു വർഷത്തിനിടെ വിവിധ ആശുപത്രികളിലായി ഏഴ് ശസ്ത്രക്രിയകൾക്കാണ് ഷീബ വിധേയയാത്. ഇനി ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്നും വയറു ഭാഗം കൂട്ടിയോജിപ്പിക്കുന്ന കാര്യം ഉറപ്പു നൽകാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചുവെന്നാണ് ഷീബ പറയുന്നത്.
സ്വകാര്യ ആശുപത്രിയിൽ ആദ്യം നടത്തിയ ശസ്ത്രക്രിയയിലെ ചികിത്സാപ്പിഴവാണ് കാരണമെന്നാണ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ വാദം. സംഭവത്തെ തുടർന്ന് നിരവധി പരാതികൾ നൽകിയെങ്കിലും ഷീബയ്ക്ക് ഇതുവരെ നീതി ലഭിച്ചില്ല. ഇതിനിടെയാണ് എംഎൽഎ ഷീബയുടെ ദുരവസ്ഥ നിയമസഭയിൽ അറിയിച്ചത്. ഇതേത്തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്ന ആരോഗ്യ മന്ത്രിയുടെ വാക്കുകളിലാണ് ഇപ്പോൾ ഷീബയുടെ വിശ്വസം.


Post a Comment

أحدث أقدم