'സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം'; ഗാന്ധി വാക്യങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി 2023

(www.kl14onlinenews.com)
(23-Mar-2023

'സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം'; ഗാന്ധി വാക്യങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ വാക്കുകളാണ് രാഹുല്‍ പങ്കുവെച്ചത്. സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് തന്റെ മതമെന്ന് രാഹുല്‍ കുറിച്ചു.
'സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം, സത്യമാണ് എന്റെ ദൈവം, അഹിംസ അതിലേക്ക് എത്താനുള്ള മാര്‍ഗമാണ്', എന്ന ഗാന്ധി വാക്യമാണ് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹത്തിന് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.
2019ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് പരാതിക്കാരന്‍. 'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ നീരവ് മോദി, ലളിത് മോദി എന്നിവരെയാണ് രാഹുല്‍ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം. കേസില്‍ വിശദമായി വാദം കേട്ടതിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്

Post a Comment

Previous Post Next Post