ഇന്ത്യൻ ലൈസൻസുള്ള ഗോൾഡൻ വീസക്കാർക്ക് യുഎഇ ലൈസൻസിന് ഡ്രൈവിങ് ക്ലാസ് വേണ്ട 2023

(www.kl14onlinenews.com)
(07-Mar-2023)

ഇന്ത്യൻ ലൈസൻസുള്ള ഗോൾഡൻ വീസക്കാർക്ക് യുഎഇ ലൈസൻസിന് ഡ്രൈവിങ് ക്ലാസ് വേണ്ട

അബുദാബി: ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സുള്ള യുഎഇ ഗോള്‍ഡന്‍ വിസകാര്‍ക്ക് ഡ്രൈവിങ് ക്ലാസില്‍ പങ്കെടുക്കാതെ തന്നെ യുഎഇയിൽ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം. ഇന്ത്യയുള്‍പ്പടെ യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഗോള്‍ഡന്‍ വിസകാര്‍ക്ക് നേരിട്ട് ടെസ്റ്റിന് ഹാജരാകാമെന്നാണ് യുഎഇയുടെ ലൈസന്‍സ് സംബന്ധിച്ച പുതിയ നിയമം നിര്‍ദേശിക്കുന്നത്.
യുഎഇയില്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ അംഗീകൃത ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പരിശീലനം നടത്തണം. പരിശീലനത്തിനുശേഷം തിയറി, പാര്‍ക്കിങ്, റോഡ് എന്നീ വിഭാഗങ്ങളിലായി മുന്ന് ടെസ്റ്റുകളില്‍ വിജയിക്കണം. വന്‍ തുകയാണ് ഇതിന് ചെലവ് വരുന്നത്. ഗോള്‍ഡന്‍ വിസയുളളവര്‍ക്ക് ടെസ്റ്റിന് നേരിട്ട് ഹാജരായാല്‍ മതി. ടെസ്റ്റ് പാസാകുന്നതോടെ ഇവര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതാണ്. ടെസ്റ്റിനുള്ള തുക മാത്രം ഇവര്‍ അടച്ചാല്‍ മതിയാകും.
ആര്‍ടിഎ വെബ്‌സൈറ്റ് www rta ae ലൂടെ ഓണ്‍ലൈനായി ടെസ്റ്റിന് അപേക്ഷിക്കാവുന്നതാണ്. അംഗീകൃത ഡ്രൈവിങ് കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാം. ഇരുപത്തിയൊന്നുവയസ്സില്‍ താഴെയുള്ളവര്‍ക്ക് 100 ദിര്‍ഹവും അതിനുമുകളിലുള്ളവര്‍ക്ക് 300ദിര്‍ഹവുമാണ് അപേക്ഷാ ഫീസ്. മാതൃരാജ്യത്തെ ലൈസന്‍സ്, ഡ്രൈവിങ് ടെസ്റ്റ്ഫലം, എമിറേറ്റ്‌സ് ഐഡി എന്നീ രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.
www rta ae യില്‍ പ്രവേശിച്ച് സര്‍വ്വീസസില്‍ ക്ലിക്ക് ചെയ്യുക. ഡ്രൈവേഴ്‌സ് ആന്‍ഡ് കാര്‍ ഓണര്‍ സര്‍വീസില്‍ പ്രവേശിക്കുക. അപ്ലൈ ഫോര്‍ എ ന്യൂ ഡ്രൈവിങ് ലൈസന്‍സില്‍ ക്ലിക്ക് ചെയ്യുക. വിവരങ്ങള്‍ നല്‍കിയ ശേഷം അപ്ലൈ നൗ ക്ലിക്ക് ചെയ്യുക. എമിറേറ്റ് ഐഡി നമ്പര്‍ നല്‍കുക. തുടര്‍ന്ന് ലഭ്യമാകുന്ന ഒടിപി നമ്പര്‍ ടൈപ്പ് ചെയ്യുക. സ്വന്തം രാജ്യത്തെ ലൈസന്‍സിന്റെ പകര്‍പ്പ് അപ്ലോഡ് ചെയ്യുക. റോഡ് ടെസ്റ്റിനുള്ള തീയ്യതി തെരെഞ്ഞെടുക്കുക ഫീസ് അടക്കുക.


Post a Comment

Previous Post Next Post