ബ്രഹ്മപുരം; എത്രനാൾ സഹിക്കണമെന്ന് ഹൈക്കോടതി; നിരീക്ഷണസമിതിയെ നിയോഗിച്ചു

(www.kl14onlinenews.com)
(11-Mar-2023)

ബ്രഹ്മപുരം; എത്രനാൾ സഹിക്കണമെന്ന് ഹൈക്കോടതി; നിരീക്ഷണസമിതിയെ നിയോഗിച്ചു
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്നുള്ള സാഹചര്യം നിരീക്ഷിക്കാൻ നിരീക്ഷണ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, കേരള ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എന്നിവർ സമിതിയിൽ അംഗങ്ങളാണ്. സമിതി ബ്രഹ്മപുരത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നടപടി.

ഹർജിയിൽ വാദം കേൾക്കവെ, ബ്രഹ്മപുരത്തെ തീ കാരണമുള്ള പുക എത്രനാൾ ജനങ്ങൾ സഹിക്കണമെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചി കോർപറേഷൻ സെക്രട്ടറിയോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. ആറു മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോർപറേഷൻ കോടതിയെ അറിയിച്ചു.

ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തുക. കലക്ടര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗങ്ങള്‍, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിയിലുള്ളത്.

സമിതി ബ്രഹ്മപുരം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണം. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി. സമിതി ബ്രഹ്മപുരത്തെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും നാശനഷ്ടവും വിലയിരുത്തിയാവണം റിപ്പോര്‍ട്ട് നല്‍കണം.

അതേസമയം, കൊച്ചിയിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള കർമ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. ഏപ്രില്‍ പത്തിനകം ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഫ്ളാറ്റുകളിലും ഉറവിട മാലിന്യസംസ്കരണ സംവിധാനം നടപ്പിലാക്കണമെന്നാണ് നിർദേശം. വാതില്‍പടി സേവനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇതിനായി ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം ശക്തമാക്കും. ഉറവിടമാലിന്യ സംസ്കരണത്തിന് സൗകര്യമില്ലാത്തവര്‍ മാര്‍ച്ച് 17നം വിവരം അറിയിക്കണം. ഇവര്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള സാമ്പത്തിക സാങ്കേതി സഹായങ്ങള്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണം.

അതിനിടെ, ബ്രഹ്മപുരം മാലിന്യ പ്ലാന്റിനു മുന്നിൽ ഇന്നു പുലർച്ചെയും പ്രതിഷേധം നടന്നു. പ്ലാന്റിലേക്ക് മാലിന്യം നിറച്ചെത്തിയ വണ്ടികൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. മഹാരാജാസ് കോളേജ് പരിസരത്തു നിന്നും പൊലീസ് അകമ്പടിയിലാണ് പുലർച്ചെ ഒന്നരയോടെ മാലിന്യം കയറ്റിയ ലോറികൾ പ്ലാന്റിലെത്തിച്ചത്.

Post a Comment

أحدث أقدم