ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി; ഓസീസിന് പരമ്പര

(www.kl14onlinenews.com)
(23-Mar-2023)

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി;
ഓസീസിന് പരമ്പര
ചെന്നൈ: ഈ ടീമും താരങ്ങളും മതിയാവില്ല, എതിരാളികള്‍ അതിശക്തരാണ്. ഏകദിന ലോകകപ്പിന് മുമ്പ് ഇത് ടീം ഇന്ത്യക്കൊരു മുന്നറിയിപ്പ്. ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് തോറ്റ ശേഷം അവസാന രണ്ട് മത്സരങ്ങളിലും ത്രില്ലര്‍ ജയം നേടി ഇന്ത്യക്കെതിരായ ഏകദിന പരമ്പര 2-1ന് ഓസ്ട്രേലിയ സ്വന്തമാക്കി. ചെന്നൈയിലെ അവസാന ഏകദിനത്തില്‍ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.1 ഓവറില്‍ 248 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ സന്ദര്‍ശകര്‍ 21 റണ്‍സിന്റെ ജയം സ്വന്തമാക്കി. സ്കോര്‍: ഓസീസ്- 269 (49), ഇന്ത്യ- 248 (49.1). ഓസീസിനായി ആദം സാംപ നാലും ആഷ്‌ടണ്‍ അഗര്‍ രണ്ടും മാര്‍ക്കസ് സ്റ്റോയിനിസും ഷോണ്‍ അബോട്ടും ഓരോ വിക്കറ്റും വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറില്‍ 269 റണ്‍സില്‍ എല്ലാവരും പുറത്തായി. 31 പന്തില്‍ 33 റണ്ണുമായി ട്രാവിസ് ഹെഡും 47 പന്തില്‍ 47 റണ്‍സുമായി മിച്ചല്‍ മാര്‍ഷും നല്‍കിയ മികച്ച തുടക്കം കൂറ്റന്‍ സ്കോറിലേക്ക് എത്തിക്കാന്‍ ഓസീസിനായില്ല. നായകന്‍ സ്റ്റീവ് സ്‌മിത്ത്(0), ഡേവിഡ് വാര്‍ണര്‍(23), മാര്‍നസ് ലബുഷെയ്‌ന്‍(28), അലക്‌സ് ക്യാരി(38), മാര്‍ക്കസ് സ്റ്റോയിനിസ്(25), ഷോണ്‍ അബോട്ട്(26), ആഷ്‌ടണ്‍ അഗര്‍(17), മിച്ചല്‍ സ്റ്റാര്‍ക്ക്(10), ആദം സാംപ(10*) എന്നിങ്ങനെയായിരുന്നു സ്കോര്‍. ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വീതവും മുഹമ്മദ് സിറാജും അക്‌സര്‍ പട്ടേലും രണ്ട് വീതവും വിക്കറ്റ് നേടി. മുംബൈയിലെ ആദ്യ ഏകദിനം ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചപ്പോള്‍ വിശാഖപട്ടണത്ത് 10 വിക്കറ്റ് ജയവുമായി ഓസീസ് ശക്തമായി തിരിച്ചെത്തുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ ശുഭ്‌മാന്‍ ഗില്‍-രോഹിത് ശര്‍മ്മ സഖ്യം ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടക്കാരന്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടക്കത്തിലെ കടന്നാക്രമിച്ച് ഇരുവരും കുതിച്ചപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ 9.1 ഓവറില്‍ 65 റണ്‍സ് പിറന്നു. 17 പന്തില്‍ 30 നേടിയ രോഹിത്തിനെ ഷോണ്‍ അബോട്ടും 49 പന്തില്‍ 37 നേടിയ ഗില്ലിനെ പിന്നാലെ ആദം സാംപയും പവലിയനില്‍ എത്തിച്ചു. ഇതിന് ശേഷം വിരാട് കോലി-കെ എല്‍ രാഹുല്‍ സഖ്യം പോരാട്ടത്തിന് ശ്രമിച്ചെങ്കിലും രാഹുലിനെ 50 പന്തില്‍ 32 റണ്‍സെടുത്ത് നില്‍ക്കേ മടക്കി സാംപ വീണ്ടും ബ്രേക്ക് ത്രൂ നല്‍കി. സ്ഥാനക്കയറ്റം കിട്ടി അഞ്ചാമനായി ക്രീസിലെത്തിയ അക്‌സര്‍ പട്ടേലാവട്ടേ 4 പന്തില്‍ 2 റണ്ണുമായി സ്റ്റീവ് സ്‌മിത്തിന്റെ ത്രോയില്‍ മടങ്ങി.

ഇതിന് ശേഷം സ്‌പിന്നര്‍ ആഷ്‌ടണ്‍ അഗര്‍ എറിഞ്ഞ 36-ാം ഓവര്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുതകര്‍ത്തു. ആദ്യ പന്തില്‍ വിരാട് കോലിയെയും(72 പന്തില്‍ 54), രണ്ടാം പന്തില്‍ സൂര്യകുമാര്‍ യാദവിനെയും(1 പന്തില്‍ 0) അഗര്‍ പറഞ്ഞയച്ചു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് സ്‌കൈ ഗോള്‍ഡന്‍ ഡക്കാവുന്നത്. ഇന്ത്യന്‍ പ്രതീക്ഷകള്‍ ഹാര്‍ദിക് പാണ്ഡ്യയിലേക്കും രവീന്ദ്ര ജഡേജയിലേക്കും നീണ്ടെങ്കിലും പാണ്ഡ്യയെ(40 പന്തില്‍ 40) പുറത്താക്കി സാംപ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. ജഡേജയും(33 പന്തില്‍ 18) സാംപയ്ക്കെതിരെ അലക്ഷ്യ ഷോട്ട് കളിച്ച് മടങ്ങി. ജഡേജ മടങ്ങി എട്ട് വിക്കറ്റ് നഷ്‌ടമാകുമ്പോള്‍ 45.1 ഓവറില്‍ 225 റണ്‍സേ ഇന്ത്യക്കുണ്ടായിരുന്നുള്ളൂ. മുഹമ്മദ് ഷമി(10 പന്തില്‍ 14), കുല്‍ദീപ് യാദവ്(15 പന്തില്‍ 6), മുഹമ്മദ് സിറാജ്(5 പന്തില്‍ 3*) എന്നിങ്ങനെയായിരുന്നു പിന്നീടുള്ളവരുടെ സ്കോര്‍.


Post a Comment

Previous Post Next Post