(www.kl14onlinenews.com)
(07-FEB-2023)
ഗാർഹിക ഉപഭോക്താക്കൾക്ക് 50 മുതൽ 550 വരെ കൂടും; വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വെളളക്കരം കൂട്ടിയുളള പുതുക്കിയ താരിഫ് ജല അതോറിറ്റി പുറത്തിറക്കി. ഗാർഹിക ഉപഭോക്താക്കൾക്ക് 50 മുതൽ 550 വരെ കൂടും. മിനിമം നിരക്ക് 22.05 രൂപയിൽ നിന്ന് 72.05 രൂപയാക്കിയും ഉയർത്തി. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 15000 ലിറ്റർ വരെ സൗജന്യമായിരിക്കും. വെളളക്കരം വർധിപ്പിച്ചതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്കിടെയാണ് പുതുക്കിയ താരിഫ് പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം വെള്ളക്കരം കൂട്ടിയത് സഭയിൽ പ്രഖ്യാപിക്കാത്തതിൽ മന്ത്രിയെ വിമർശിച്ച് സ്പീക്കർ റൂളിംഗ് നൽകി. വെള്ളക്കരം കൂട്ടൽ സഭയിൽ തന്നെയായിരുന്നു ആദ്യം പ്രഖ്യാപിക്കേണ്ടതെന്ന് സ്പീക്കർ വ്യക്തമാക്കി. എ പി അനിൽകുമാർ ക്രമപ്രശ്‌നം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റൂളിങ്. സഭയിൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഉത്തമ മാത്യകയായി മാറുമായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു.
അതിനിടെ ഒരാൾ ഒരു ദിവസം 100 ലിറ്റർ വെള്ളം മാത്രം ഉപയോഗിച്ചാൽ മതിയെന്ന് മന്ത്രി പരിഹസിക്കുന്നു എന്ന തരത്തിലുള്ള വാദങ്ങൾ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കണക്ക് അനുസരിച്ച് ഒരാൾക്ക് 100 ലിറ്റർ എന്ന നിലയിൽ അഞ്ചംഗ കുടുംബത്തിന് 500 ലിറ്റർ വെള്ളം മതിയാകില്ലേ എന്നാണ് താൻ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
Post a Comment