മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് പ്രതികൾ; ആർജ്ജവമുണ്ടെങ്കിൽ കോടതിയിൽ പോകണമെന്ന് കുഴൽനാടൻ

(www.kl14onlinenews.com)
(28-FEB-2023)

മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് പ്രതികൾ; ആർജ്ജവമുണ്ടെങ്കിൽ കോടതിയിൽ പോകണമെന്ന് കുഴൽനാടൻ

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ എംഎല്‍എ മാത്യു കുഴല്‍നാടനും നേര്‍ക്കുനേര്‍. ലൈഫ് മിഷനില്‍ നടന്നത് ശാസ്ത്രീയ അഴിമതിയാണെന്നും മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് കേസിലെ പ്രതികളെന്ന് മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. എന്നാല്‍ കുഴല്‍നാടന്‍ പച്ചക്കള്ളം പറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്.

ലൈഫ് മിഷനില്‍ നടന്നത് ശാസ്ത്രീയ അഴിമതിയാണ്. മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് കേസിലെ പ്രതികളെന്ന് മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. അങ്ങയുടെ ഇടുതുവലതുനിന്നവര്‍ അറിയാതെയാണ് ഇടപാട് നടന്നതെന്ന് മുഖ്യമന്ത്രി പറയുമോ. ഇതിന്റെ നാള്‍വഴികള്‍ ഇഴകീറി പരിശോധിച്ചാല്‍ ഇതിന്റെ ബന്ധം വ്യക്തമാകും. ശിവശങ്കറിന് സ്വപ്ന സുരേഷ് അയച്ച വാട്‌സാപ് ചാറ്റ് പുറത്തു വന്നിട്ടുണ്ടെന്നും, യുഎഇ കോണ്‍സുലേറ്റിന് റെഡ് ക്രസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റില്‍ പറയുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.’പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കര്‍ സ്വപ്നയോട് പറയുന്നത്. തെറ്റാണെങ്കില്‍ നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണം. 2019 ജൂലൈയിലെ ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കോണ്‍സുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയെന്ന് പറയുന്നുണ്ട്’ മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

പച്ചക്കള്ളമാണ് മാത്യു കുഴല്‍നാടന്‍ പറയുന്നതെന്നും താന്‍ ആരെയും കണ്ടില്ലെന്നും ആരുമായും സംസാരിച്ചില്ലെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി മറുപടി നല്‍കി.റിമാന്‍ഡ് റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ പോകാന്‍ തയാറുണ്ടോയെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ‘ ആരോപണം നിഷേധിക്കുന്നുണ്ടോ എന്നു ചോദിച്ചു. അതിനാണ് മറുപടി പറഞ്ഞത്. ഏജന്‍സിയുടെ വക്കാലത്തുമായാണ് വന്നതെങ്കില്‍ അങ്ങനെ കാണണം. സഭയില്‍ പറയാന്‍ ആര്‍ജവമുണ്ട്. അതിനു കോടതിയില്‍ പോകേണ്ടതില്ല.’ മുഖ്യമന്ത്രി തിരിച്ചടിച്ചു.

താന്‍ എഴുതിയ തിരക്കഥയല്ലെന്നും അന്വേഷണ ഏജന്‍സി കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപ്പോര്‍ട്ടാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ കോടതിയിലെ സമീപിക്കണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ‘ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ട്. മാത്യു കുഴല്‍നാടന്റെ ഉപദേശം ഇപ്പോള്‍ വേണ്ട.’ മുഖ്യമന്ത്രി മറുപടി നല്‍കി.സ്വപ്നയ്ക്ക് ജോലി ശരിയാക്കി കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കര്‍ ചാറ്റില്‍ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിക്കുമോയെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. സര്‍ക്കാരിന് സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്നും കാര്യങ്ങളറിയാതെയാണ് മാത്യു കുഴല്‍നാടന്‍ സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

രേഖകളുണ്ടെങ്കില്‍ മാത്യു കുഴല്‍നാടന്‍ മേശപ്പുറത്ത് വയ്ക്കണമെന്ന് നിയമന്ത്രി പി രാജീവ് പറഞ്ഞു. രേഖകളുടെ ആധികാരികത ഉറപ്പുവരുത്തണം. ഇഡിയുടെ വക്കീലാണെങ്കില്‍ കോടതിയില്‍ വാദിക്കണമെന്നും പി.രാജീവ് പറഞ്ഞു. റിമാന്‍ഡ് റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കാമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു

Post a Comment

أحدث أقدم