റെക്കോർഡുകളെല്ലാം തകർത്ത് ‘പഠാൻ’ കുതിക്കുന്നു; 5 ദിവസം കൊണ്ട് നേടിയത് 550 കോടി

(www.kl14onlinenews.com)
(30-Jan-2023)

റെക്കോർഡുകളെല്ലാം തകർത്ത് ‘പഠാൻ’ കുതിക്കുന്നു; 5 ദിവസം കൊണ്ട് നേടിയത് 550 കോടി
ബോളിവുഡിന് പുത്തൻ ഉണർവ്വേകി ‘പഠാൻ’ കുതിക്കുന്നു. ഷാരൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ‘പഠാൻ’ ബോക്സ് ഓഫീസിൽ നിന്നും 5 ദിവസം കൊണ്ട് നേടിയത് 550 കോടി.

ജനുവരി 25നാണ് ‘പഠാൻ’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തിയത്. 57 കോടിയുടെ ഓപ്പണിംഗിലൂടെ ‘പഠാൻ’ റിലീസിംഗ് ദിനത്തിൽ തന്നെ റെക്കോർഡുകൾ തകർത്തിരുന്നു. രണ്ടാം ദിവസം 70 കോടിയും മൂന്നാം ദിവസം 39 കോടിയും നേടിയ ചിത്രം വാരാന്ത്യത്തിലും മികച്ച കളക്ഷനാണ് നേടിയത്. ശനിയാഴ്ച 53 കോടി രൂപയും ഞായറാഴ്ച ഏകദേശം 65 കോടിയുമാണ് ‘പഠാൻ’ നേടിയത്. ബോളിവുഡിലെ ഏറ്റവും ഉയർന്ന വാരാന്ത്യ കളക്ഷൻ റെക്കോർഡും ഇപ്പോൾ ‘പഠാൻ’ സ്വന്തമാക്കിയിരിക്കുകയാണ്. കെജിഎഫ് 2, ബാഹുബലി 2 എന്നിവയുടെ ഹിന്ദി പതിപ്പുകളെ പിന്തള്ളി 200 കോടി ക്ലബ്ബിൽ പ്രവേശിച്ച ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ചിത്രമെന്ന വിശേഷണവും ‘പഠാനു’ സ്വന്തം.

ഇന്ത്യയിൽ നിന്നുള്ള ഈ കണക്കുകൾക്കു പുറമെ യുഎസിലും ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലുമൊക്കെ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. നോർത്ത് അമേരിക്ക ബോക്‌സ് ഓഫീസിൽ മികച്ച വരുമാനം നേടിയ 5 ചിത്രങ്ങളുടെ പട്ടികയിലും പഠാൻ ഇടം നേടി. 695 സ്‌ക്രീനുകളിൽ നിന്ന് 5.9 മില്യൺ ഡോളർ നേടിയാണ് പഠാൻ അഞ്ചാം സ്ഥാനത്തെത്തിയത്.

ദംഗലിന്റെ 387 കോടിയുടെ റെക്കോർഡ് തകർത്ത് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമെന്ന റെക്കോർഡും ‘പഠാൻ’ ഭേദിച്ചിരിക്കുകയാണ്. പത്താന്റെ ആഗോള ഗ്രോസ് കളക്ഷൻ ഞായറാഴ്ചത്തെ കളക്ഷന് ശേഷം 550 കോടി രൂപയിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നത്.

നാല് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ഷാരൂഖ് ഖാനെ സംബന്ധിച്ചിടത്തോളം ആഘോഷവും ആശ്വാസവുമാണ് ‘പഠാന്റെ’ ഈ വിജയം. ഷാരൂഖിന്റെ മുൻ ചിത്രങ്ങളായ സീറോ, ഫാൻ, ജബ് ഹാരി മെറ്റ് സേജൽ എന്നിവ ബോക്സോഫീസിൽ കാര്യമായ വിജയം നേടിയില്ല.

ഷാരൂഖിനു മാത്രമല്ല, ബോളിവുഡിനും പുതിയ ഉണർവ്വാണ് പഠാന്റെ വിജയം സമ്മാനിക്കുന്നത്. കഴിഞ്ഞ വർഷം ബോളിവുഡ് സിനിമാ വ്യവസായത്തിലും വിരലിലെണ്ണാവുന്ന ഹിറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിൽ തന്നെ അപൂർവ്വം ചിത്രങ്ങൾ മാത്രമാണ് 200 കോടി കടന്നത്.

Post a Comment

Previous Post Next Post