ഖത്തറിൽ ഹയാ കാർഡ് കാലാവധി നീട്ടി;2024 ജനു.24 വരെ ഖത്തര്‍ സന്ദര്‍ശിക്കാം

(www.kl14onlinenews.com)
(30-Jan-2023)

ഖത്തറിൽ ഹയാ കാർഡ് കാലാവധി നീട്ടി;2024 ജനു.24 വരെ ഖത്തര്‍ സന്ദര്‍ശിക്കാം
ദോഹ: ഖത്തറിൽ ഹയാ കാർഡ് കാലാവധി നീട്ടി. ഹയാ കാർഡുള്ളവർക്ക് ഖത്തറിലേക്ക് ഒരു വർഷം മൾ​ട്ടിപ്പിൾ എൻട്രി അനുവദിക്കും. അതിനായി പ്രത്യേക ഫീസ് നൽകേണ്ടതില്ല. കുടുംബത്തെ ഒപ്പം താമസിപ്പിക്കുകയും ചെയ്യാം. ജനുവരി 23നായിരുന്നു ഹയാ കാർഡിന്റെ കാലാവധി അവസാനിച്ചത്. അതാണ് ഇപ്പോൾ 2024 ജനുവരി 24 വരെ നീട്ടിയത്.ലോകകപ്പിന് ഖത്തറിലെത്തിയവർക്ക് വീണ്ടും രാജ്യം സന്ദർശിക്കാനുള്ള അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്.

ലോകകപ്പ് ആരാധകർക്ക് ഖത്തറിൽ പ്രവേശിക്കാനുള്ള വീസയാണ് ഹയാ കാർഡുകൾ. പൊതുഗതാഗത സൗകര്യങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാം. മത്സരം കാണാൻ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കാൻ സ്വദേശികൾക്കുൾപ്പെടെ ഫാൻ ഐഡി അഥവാ ഹയാ കാർഡുകൾ നിർബന്ധമാണ്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഗതാഗത മന്ത്രാലയം, നഗരസഭ മന്ത്രാലയം എന്നിവ ചേർന്നാണ് ഹയാ കാർഡ് നടപ്പാക്കിയത്.

ഹയാ കാർഡിൽ വരുന്നവർക്കുള്ള നിർദേശങ്ങളും അറിയിപ്പുകളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്:
1. ഹോട്ടൽ റിസർവേഷൻ/കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഉള്ള താമസസൗകര്യത്തിനുള്ള തെളിവ് ഹയാ പോർട്ടലിൽ നൽകണം

2. പാസ്‌പോർട്ടിൽ മൂന്നുമാസത്തിൽ കുറയാത്ത കാലാവധിയുണ്ടായിരിക്കണം

3. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വേണം

4. നാട്ടിലേക്ക് തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യണം

5. 'ഹയാ വിത്ത് മി' സംവിധാനത്തിലൂടെ മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ഖത്തറിലേക്ക് കൊണ്ടുവരാം

6. പ്രത്യേക ഫീസുകൾ ഇല്ല.


Post a Comment

Previous Post Next Post