‘കട്ടപ്പുറത്തെ കേരള സർക്കാർ’: ധനപ്രതിസന്ധിയിൽ ധവളപത്രം പുറത്തിറക്കി യുഡിഎഫ്

(www.kl14onlinenews.com)
(28-Jan-2023)

‘കട്ടപ്പുറത്തെ കേരള സർക്കാർ’: ധനപ്രതിസന്ധിയിൽ ധവളപത്രം പുറത്തിറക്കി യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിച്ച് കൊണ്ടുള്ള ധവളപത്രം പുറത്തിറക്കി പ്രതിപക്ഷം. കട്ടപ്പുറത്തെ കേരള സർക്കാർ എന്ന പേരിലാണ് ധവളപത്രം യു ഡി എഫ് നേതാക്കൾ പുറത്തിറക്കിയത്. കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധവളപത്രം പറയുന്നു.

കേരളത്തിന്റെ പോക്ക് അപകടകരമായ സ്ഥിതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. നാല് ലക്ഷം കോടി രൂപയുടെ കടമാണ് നിലവിൽ കേരള സർക്കാരിനുള്ളത്. ജി എസ് ഡി പിയേക്കാൾ 39.1 ശതമാനമാണ് പൊതുകടം. നികുതി വരുമാനം കുറഞ്ഞു. 71,000 കോടി നികുതി പ്രതീക്ഷിച്ചതിൽ 13,000 കോടി കുറവുണ്ടായി. കിഫ്ബി വൻ പരാജയമാണെന്നും യുഡിഎഫ് വിമർശിക്കുന്നു.

നികുതി പിരിവിൽ കെടുകാര്യസ്ഥതയുണ്ടെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ജിഎസ്ടി കൊണ്ട് നികുതി കുറഞ്ഞു. നികുതി പിരിവ് സംവിധാനം പുന:സംഘടിപ്പിക്കുമെന്നത് പ്രഖ്യാപനം മാത്രമാണ്. 70,000 കോടി രൂപയുടെ നഷ്ടമുണ്ടായി. 8000 കോടി രൂപ സാമൂഹ്യ സുരക്ഷാ പദ്ധതിയായി സർക്കാർ നൽകാനുണ്ട്. അഴിമതിയും ധൂർത്തും നടക്കുന്നു . സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും ദുരിതമാണ്. തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കഴുത്തു നെരിച്ച് കൊല്ലുന്നുവെന്നും നേതാക്കൾ വിമർശിക്കുന്നു.

കേരളത്തിൽ നികുതിയില്ലാതെ സ്വർണം വിൽക്കുന്നുവെന്നാണ് മറ്റൊരു വിമർശനം. കോയമ്പത്തൂരിൽ നിന്ന് സ്വർണം കടത്തുന്നു. നികുതി വെട്ടിപ്പ് പിടികൂടാൻ സർക്കാരിന്റെ ഭാഗത്ത് നടപടിയില്ലെന്നും വിഡി സതീശൻ വിമർശിച്ചു.


Post a Comment

Previous Post Next Post