ഹിജാബ് വിലക്ക് വീണ്ടും സുപ്രീംകോടതിയിൽ: അടിയന്തരമായി പരിഗണിക്കുന്നത് പരിശോധിക്കും

(www.kl14onlinenews.com)
(23-Jan-2023)

ഹിജാബ് വിലക്ക് വീണ്ടും സുപ്രീംകോടതിയിൽ: അടിയന്തരമായി പരിഗണിക്കുന്നത് പരിശോധിക്കും
ഡൽഹി :
ഹിജാബ് വിലക്ക് വീണ്ടും സുപ്രീം കോടതിയിൽ. അടിയന്തരമായ പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഹിജാബ് വിലക്ക് വന്നതോടെ പല പെൺകുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ചെന്ന് അഡ്വ. മീനാക്ഷി അറോറ കോടതിയെ അറിയിച്ചു.

ഫെബ്രുവരി ആറിന് പരീക്ഷ നടക്കുകയാണ്. വിദ്യാർഥികൾ പരീക്ഷ എഴുതേണ്ടത് ഹിജാബ് വിലക്ക് നിലവിലുള്ള സർക്കാർ കോളജിലുകളിലാണ്. വിലക്ക് കാരണം പരീക്ഷ എഴുതാനാകാത്ത സാഹചര്യമാണ് വിദ്യാർഥികൾക്കുള്ളത്. വിഷയത്തിൽ ഇടക്കാല വിധി വേണമെന്നും അഭിഭാഷക മീനാക്ഷി അറോറ കോടതിയിൽ ആവശ്യപ്പെട്ടു.

ഇക്കാര്യം അടിയന്തരമായി പരിശോധിക്കാമെന്നും മൂന്നംഗ ബെഞ്ച് ഹർജി പരിഗണിക്കാൻ നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. മൂന്നംഗ ബെഞ്ച് ഹർജി പരിഗണിക്കേണ്ട തീയതി തയ്യാറാക്കും. രജിസ്ട്രാറോട് ഇക്കാര്യത്തിൽ കുറിപ്പ് തയ്യാറാക്കി എത്രയും വേഗം എത്തിക്കാമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നൽകി. സുപ്രീം കോടതിയിൽ ഭിന്നവിധി ഉണ്ടായതിനാൽ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടത്.

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലില്‍ സുപ്രീം കോടതി രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. അപ്പീലുകള്‍ തള്ളിയ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നു വിധിച്ചപ്പോള്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്നാണ് ജസ്റ്റിസ് സുധാംശു ധുലിയ വിധിച്ചത്.

Post a Comment

Previous Post Next Post