വാഹനാപകടത്തില്‍ പരിക്കേറ്റ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ റൂമിലേക്ക് മാറ്റി

(www.kl14onlinenews.com)
(02-Jan-2023)

വാഹനാപകടത്തില്‍ പരിക്കേറ്റ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ റൂമിലേക്ക് മാറ്റി
വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ (Rishabh Pant) സ്വകാര്യ മുറിയിലേക്ക് മാറ്റി. അണുബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് റൂമിലേക്ക് മാറ്റിയിരിക്കുന്നത്. താരം സുഖം പ്രാപിച്ചുവരികയാണെന്ന് ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (DDCA) ഡയറക്ടര്‍ ശ്യാം ശര്‍മ്മ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഡിസംബര്‍ 30 നാണ് റിഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.

അണുബാധയുടെ സാധ്യത കണക്കിലെടുത്ത് ഇന്നലെ വൈകുന്നേരമാണ് ഡോക്ടര്‍മാര്‍ പന്തിനെ സ്വകാര്യ റൂമിലേക്ക് മാറ്റിയത്. പന്തിന്റെ ലിഗമെന്റ് ചികിത്സയുടെ കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അന്വേഷിക്കുമെന്നും ശ്യാം ശര്‍മ്മ പറഞ്ഞു. പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടെന്നും വലത് കാല്‍മുട്ടില്‍ ലിഗമെന്റ് പ്രശ്‌നമുണ്ടെന്നും വലതു കൈത്തണ്ടയ്ക്കും, കണങ്കാലിനും, കാല്‍വിരലിനും പരിക്കേല്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

'അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്. പൂര്‍ണമായി ഭേദമാകുന്നത് വരെ അദ്ദേഹം ഡെറാഡൂണ്‍ ആശുപത്രിയില്‍ തന്നെ ആയിരിക്കും. ലിഗമെന്റ് ചികിത്സയ്ക്കായി വിദേശത്തേക്ക് മാറ്റേണ്ടതുണ്ടോ എന്നതിനെക്കുറിച്ചും പ്ലാസ്റ്റിക് സര്‍ജറിയെക്കുറച്ചും ബിസിസിഐ പിന്നീട് തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുലര്‍ച്ചെ അഞ്ചരയോടെ റൂര്‍ക്കിയിലേക്കുള്ള യാത്രാമധ്യേ, മുഹമ്മദ്പൂര്‍ ജാട്ടിലാണ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് ഉത്തരാഖണ്ഡ് പോലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞിരുന്നു. കാര്‍ ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കാന്‍ കാരണമെന്നാണ് പന്ത് പറഞ്ഞച്. ഡെറാഡൂണ്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് റൂര്‍ക്കി ആശുപത്രിയിലേക്കായിരുന്നു പന്തിനെ കൊണ്ടുപോയത്. അപകടത്തിന് പിന്നാലെ പന്തിന്റെ മെഴ്സിഡസ് തീപിടിച്ച് കത്തി നശിച്ചിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ത്തായിരുന്നു പന്തിനെ പുറത്തെത്തിച്ചത്

Post a Comment

Previous Post Next Post