പഞ്ചാബില്‍ ഭാരത് ജോഡോ യാത്രയ്ക്ക് കനത്ത സുരക്ഷയൊരുക്കുമെന്ന് ഡിജിപി

(www.kl14onlinenews.com)
(31-DEC-2022)

പഞ്ചാബില്‍ ഭാരത് ജോഡോ യാത്രയ്ക്ക് കനത്ത സുരക്ഷയൊരുക്കുമെന്ന് ഡിജിപി
ഡൽഹി :
ഭാരത് ജോഡോ യാത്രയ്ക്ക് (Bharat Jodo Yatra) പഞ്ചാബില്‍ കനത്ത സുരക്ഷ ഒരുക്കുമെന്ന് ഡിജിപി (DGP). യാത്ര അടുത്ത ദിവസങ്ങളില്‍ പഞ്ചാബിലേക്കും ജമ്മു കശ്മീരിലേക്കും പ്രവേശിക്കാനിരിക്കെ, സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബ് ഡിജിപിയുടെ പ്രതികരണം.

'യാത്ര സമാധാനപരമായി കടന്നുപോകുന്നതിന് സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന പ്രൊഫഷണലിസമുളള പോലീസ് സേനയാണ് പഞ്ചാബ് പോലീസ് ' ഇന്ത്യടുഡെ ടിവിയോട് സംസാരിക്കവെ ഡിജിപി പറഞ്ഞു. ഞങ്ങള്‍ രാജസ്ഥാനിലേക്ക് ഒരു മുന്‍കൂറായി ഒരു സംഘത്തെ അയച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ എങ്ങനെയാണ് ചെയ്തതെന്നറിയാന്‍ ഒരു ടീമിനെ ഹരിയാനയിലേക്കും അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പോലീസ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്ക്ക് വീഴ്ച്ച വരുത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും 2020 മുതല്‍ 113 തവണ അദ്ദേഹം നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും സിആര്‍പിഎഫ് ആരോപണത്തിന് മറുപടി നല്‍കിയിരുന്നു.

നിരോധിത ഖാലിസ്ഥാന്‍ അനുകൂല ഭീകര സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തടയുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഭീകരസംഘടനയുടെ അംഗമായ ഗുര്‍പത്വന്ത് സിംഗ് പന്നു, പഞ്ചാബിലെ സിഖുകാരോട് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തടയണമെന്ന് ആവശ്യപ്പെടുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിലവില്‍ ഡല്‍ഹിയിലാണുളളത്. ഒമ്പത് ദിവസത്തെ വര്‍ഷാവസാന ഇടവേള എടുത്തശേഷം ജനുവരി 3 നാണ് യാത്ര ഡല്‍ഹിയില്‍ നിന്ന് പുനരാരംഭിക്കുക. .ജനുവരി ആദ്യ വാരത്തോടെ യാത്ര പഞ്ചാബില്‍ പ്രവേശിക്കും.

സെപ്റ്റംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര ഇതുവരെ ഒമ്പത് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു. ജനുവരി അവസാനത്തോടെ യാത്ര ജമ്മു കശ്മീരില്‍ സമാപിക്കും. തമിഴ്നാട്, കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ 46 ജില്ലകളിലായി യാത്ര ഇതിനോടകം 3,000 കിലോമീറ്റര്‍ പിന്നിട്ടിട്ടുണ്ട്. ഭാരത് ജോഡോ യാത്ര അതിന്റെ 108-ാം ദിവസത്തിലാണ് ഇപ്പോളുളളത്.

Post a Comment

Previous Post Next Post