പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ഹൈക്കോടതി; നിയമന പട്ടിക റദ്ദാക്കി

(www.kl14onlinenews.com)
(17-NOV-2022)

പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ഹൈക്കോടതി; നിയമന പട്ടിക റദ്ദാക്കി
കൊച്ചി: ഹൈക്കോടതിയില്‍ പ്രിയാ വര്‍ഗീസിന് തിരിച്ചടി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചുകൊണ്ടുള്ള പട്ടിക റദ്ദാക്കി. യുജിസി മാനദണ്ഡം അംഗീകരിച്ചുകൊണ്ടാണ് നിയമനം റദ്ദാക്കിയത്. ഡോ. ജോസഫ് സ്‌കറിയയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പ്രിയ വര്‍ഗീസിന് യഥാര്‍ത്ഥ അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. യുജിസിയുടെ നിബന്ധനകള്‍ക്കപ്പുറം പോകാന്‍ കോടതിക്ക് കഴിയില്ല. യുജിസി റെഗുലേഷന്‍ ആണ് പ്രധാനം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടികാട്ടി. മറ്റിടങ്ങളിലെ പ്രവര്‍ത്തി പരിചയം അധ്യാപന പരിചയമായി കണക്കാക്കാനാവില്ല. എന്‍എസ്എസ് കോഡിനേറ്റര്‍ പദവിയും ഗവേഷണ കാലയളവും അധ്യാപന പരിചയമായി കണക്കാക്കില്ല. സമൂഹിക സേവനത്തില്‍ പരിചയമുണ്ടാക്കലാണ് എന്‍എസ്എസിന്റെ ഉത്തരവാദിത്തം. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടേഷനും അധ്യാപന പരിചയമല്ലെന്നും ഹൈക്കോടതി. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ കാലയളവില്‍ അധ്യാപന പരിചയമുണ്ടെന്ന് കാണിക്കാന്‍ രേഖകളില്ലെന്നും ഹൈക്കോടതി പറഞ്ഞു.

അസോ.പ്രൊഫസര്‍ നിയമനത്തിന് വേണ്ടത് 8 വര്‍ഷത്തെ അധ്യാപന പരിചയമാണ്. ക്ലാസില്‍ പോയി പഠിപ്പിച്ച് പരിചയം വേണം. നല്ല അധ്യാപകന്‍ മെഴുകുതിരികളാണ്. മറ്റുള്ളവര്‍ക്കായി പ്രകാശം പരത്തി എരിഞ്ഞുതീരണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭാ എംപിയുമായ കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.

പ്രിയ വര്‍ഗീസിന്റെ വാദങ്ങളെ സാധൂകരിക്കാനാവില്ല. നിരവധി പേര്‍ കക്ഷി ചേര്‍ന്ന കേസില്‍ പ്രിയയുടെ നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫസര്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദം ഉന്നയിച്ചത് പ്രിയയുടെ അഭിഭാഷകന്‍ മാത്രമാണെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ പോലും ആ വാദം ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിയ വര്‍ഗീസിന്റെ നിയമനം എന്ന് കാണിച്ചാണ് ഹര്‍ജി. പ്രിയാ വര്‍ഗീസിനെ നിയമനപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയില്‍ രണ്ടാമതുള്ള ഡോ. ജോസഫ് സ്‌കറിയയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. നിയമന ശുപാര്‍ശ നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്നും പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നുമാണ് യുജിസിയുടെ വാദം. അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യതയുണ്ടെന്ന് പ്രിയയും വാദിച്ചിരുന്നു. രണ്ട് ദിവസത്തെ വാദം കേട്ടതിന് ശേഷമാണ് കേസില്‍ ഹൈക്കോടതി വിധി പറയുന്നത്.

ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി പ്രിയാവര്‍ഗീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പിഎച്ച്ഡി പഠനത്തിന് പോയതും സ്റ്റ്യൂന്‍ഡ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ പോയതും അധ്യാപക പരിചയത്തില്‍ കണക്കാക്കാമെന്നായിരുന്നു പ്രിയാവര്‍ഗീസിന്റെ അഭിഭാഷകന്‍ പറഞ്ഞത്. സ്റ്റ്യൂഡന്‍ ഡയറക്ടറായിരിക്കെ എന്‍എസ്എസ് കോഡിനേറ്ററുടെ അധിക ചുമതല വഹിച്ചിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്‍എസ്എസില്‍ കുഴിവെട്ടുന്നത് അധ്യാപക യോഗ്യതയായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

തുടര്‍ന്ന് നാഷനല്‍ സര്‍വ്വീസ് സ്‌കീമിന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയാലും അഭിമാനം എന്ന് പ്രിയാവര്‍ഗീസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചെങ്കിലും രണ്ട് മണിക്കൂറിനുള്ളില്‍ പോസ്റ്റ് നീക്കി. അതേസമയം കുഴിവെട്ട് പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ദേവന്‍ രാമചവന്ദ്രന്‍ ഇന്ന് വിധി പറയവേ അറിയിച്ചത്.

Post a Comment

Previous Post Next Post