കാസർകോട് പൊലീസിനായി ഉയരും പുതിയ കെട്ടിടങ്ങൾ; 2 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും

(www.kl14onlinenews.com)
(11-NOV-2022)

കാസർകോട് പൊലീസിനായി ഉയരും പുതിയ കെട്ടിടങ്ങൾ; 2 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും
കാസർകോട് :ജില്ലയിലെ ഒരു സബ്ഡിവിഷനൽ പൊലീസ് ഓഫിസിനും 3 പൊലീസ് സ്റ്റേഷനുകൾക്കും സ്വന്തമായി കെട്ടിടം ഒരുങ്ങുന്നു. ബേക്കൽ സബ്ഡിവിഷനൽ പൊലീസ് ഓഫിസ്, മേൽപറമ്പ്, സൈബർ ക്രൈം, വനിത പൊലീസ് സ്റ്റേഷനുകൾ എന്നിവയ്ക്കാണ് ആധുനിക രീതിയിലുള്ള കെട്ടിടം ഉയരുന്നത്. 3 കെട്ടിടങ്ങളുടെയും ശിലാസ്ഥാപനം നാളെ വൈകിട്ട് 3.30നു മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി നിർവഹിക്കും.

ജനപ്രതിനിധികൾ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വിവിധയിടങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കും. സംസ്ഥാന പ്ലാൻ സ്കീം പദ്ധതി പ്രകാരമാണു മൂന്നിടങ്ങളിലും കെട്ടിടം പണിയുന്നത്. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ (കെപിഎച്ച്സിസി) കെട്ടിടങ്ങൾ നിർമിക്കുന്നത്. ടെൻ‍ഡർ നടപടികൾ പൂർത്തിയായി. കരാർ വ്യവസ്ഥ പ്രകാരം 2 വർഷത്തിനുള്ളിൽ നിർമാണ പ്രവൃത്തി പൂർത്തിയാക്കണം.

ബേക്കൽ ഡിവൈഎസ്പി ഓഫിസ്

കാസർകോട്, കാഞ്ഞങ്ങാട് സബ് ഡിവിഷനുകൾ വിഭജിച്ച് 2021 ഫെബ്രുവരി 18നാണു ബേക്കൽ ആസ്ഥാനമായി പുതുതായി സബ്ഡിവിഷൻ അനുവദിച്ചത്. രാജപുരം, അമ്പലത്തറ, ബേക്കൽ, ബേഡകം, ആദൂർ, മേൽപറമ്പ് എന്നീ സ്റ്റേഷനുകളാണു സബ്ഡിവിഷന്റെ പരിധിയിലുള്ളത്. ഒരു വർഷം ശരാശരി അയ്യായിരത്തിലേറെ കേസുകളാണു സബ് ഡിവിഷൻ പരിധിയിലെ സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്യുക. എന്നാൽ സബ്ഡിവിഷൻ ഓഫിസിൽ ഒരു ഡിവൈഎസ്പി തസ്തിക മാത്രമാണു അനുവദിച്ചത്.

മറ്റു സബ് ഡിവിഷൻ ഓഫിസുകളിൽ ഉള്ളതു പോലെ ആവശ്യമായ പൊലീസുകാരില്ല. കൺട്രോൾ റൂം ഇവിടെയില്ല. ബേക്കൽ പൊലീസ് സ്റ്റേഷന്റെ പഴയ കെട്ടിടത്തിലാണു നിലവിൽ ഡിവൈഎസ്പി ഓഫിസ് പ്രവർത്തിക്കുന്നത്. ഒരു റൈറ്റർ, രണ്ട് അസി.റൈറ്റർ, കംപ്യൂട്ടർ കൈകാര്യം ചെയ്യുന്ന പൊലീസുകാർ ഉൾപ്പെടെ ഓഫിസിൽ വേണം. എന്നാൽ ഈ തസ്തികയിൽ ആരെയും നിയമിക്കാത്തതിനാൽ മറ്റു സ്റ്റേഷനുകളിൽ നിന്നുള്ളവരാണു ഇവിടെ ഡ്യൂട്ടി ചെയ്യുന്നത്.

ഡിവൈഎസ്പി ഓഫിസിനായി പുതുതായി കെട്ടിടം നിർമിക്കുന്നത് ചട്ടഞ്ചാലിലെ സബ് ട്രഷറി കെട്ടിടത്തിനടുത്താണ്. 50 സെന്റ് ഭൂമി 2020 നവംബർ 3നു ആഭ്യന്തര വകുപ്പിനു കൈമാറി റവന്യു വകുപ്പ് ഉത്തരവായിരുന്നു.താഴത്തെ നില ഉൾപ്പെടെ 3 നില കെട്ടിടത്തിൽ ഒന്നാം നിലയിലാണു ഡിവൈഎസ്പി ഓഫിസ് പ്രവർത്തിക്കുക.

മേൽപറമ്പ് പൊലീസ് സ്റ്റേഷനും ഡിവൈഎസ്പി ഓഫിസ് കെട്ടിടത്തിനുമായി 3 കോടി രൂപയാണു അനുവദിച്ചത്. 12,000 സ്ക്വെയർ ഫീറ്റാണു വിസ്തീർണം. കെട്ടിടത്തിൽ ലിഫിറ്റ് സൗകര്യമുണ്ട്. ഡിവൈഎസ്പി സി.കെ.സുനിൽകുമാർ ഫോൺ– 9497990346

മേൽപറമ്പ് പൊലീസ് സ്റ്റേഷൻ

കാസർകോട്, വിദ്യാനഗർ, ബേക്കൽ സ്റ്റേഷനുകൾ വിഭജിച്ചാണു ചട്ടഞ്ചാൽ ആസ്ഥാനമായി 2019 ഫെബ്രുവരി 19നു മേൽപറമ്പ് പൊലീസ് സ്റ്റേഷൻ തുടങ്ങിയത്. ബാര, കളനാട്, ചെമ്മനാട്, തെക്കിൽ, പെരുമ്പള വില്ലേജുകൾ ഉൾപ്പെടുന്നതാണു മേൽപറമ്പ് സ്റ്റേഷൻ. നിലവിൽ 50,000 രൂപ മാസവാടക നൽകി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണു സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പൊലീസുകാരുടെ കുറവ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി പൂർത്തിയാക്കി തുറക്കുന്നതോടെ കൺട്രോൾ റൂം ആവശ്യമായ പൊലീസുകാരെയും നിയമിക്കുന്ന പ്രതീക്ഷയാണു പൊലീസുകാർക്കുള്ളത്. 3 നില കെട്ടിടത്തിൽ താഴത്തെ നിലയിലാണു സ്റ്റേഷൻ പ്രവർത്തിക്കുക.ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർമാർ, സ്റ്റേഷൻ റൈറ്റർ ഉൾപ്പെടെയുള്ളവർക്കും പരാതിക്കാർക്കുള്ള മുറികളും മറ്റും സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാകും. ഇൻസ്പെക്ടർ ടി.ഉത്തംദാസ്.ഫോൺ–04994284100. 9497947276

വനിതാ പൊലീസ് സ്റ്റേഷൻ
ജില്ലയിലെ ഏക വനിത പൊലീസ് സ്റ്റേഷൻ തുടങ്ങിയത് 2020 ഏപ്രിൽ 14നാണു. നിലവിൽ കാസർകോട് ടൗൺ സ്റ്റേഷൻ സമീപത്താണു പ്രവർത്തിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിൽ സൗകര്യങ്ങൾ തീരെയില്ല. ജില്ലയിലെ ഏക വനിത സ്റ്റേഷനായതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അത്രിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികളും അന്വേഷണ ചുമതലകളും ഏറെയും എത്തുന്നത് ഈ സ്റ്റേഷനിലേക്കാണു.

ഒരു സിഐ, 2 എസ്ഐമാർ, 4 സിനിയർ സിവിൽ പൊലീസ് ഓഫിസർ, 18 സിവിൽ പൊലീസ് ഓഫിസർ എന്നിങ്ങനെയാണു അനുവദിച്ച തസ്തിക. എന്നാൽ 2 എസ്ഐമാരിൽ ഒരാൾ മാത്രമാണുള്ളത്. ഇവർ മറ്റൊരു സ്റ്റേഷനിലായതിനാൽ ഈ സ്റ്റേഷനിൽ 2 എസ്ഐമാരും ഇല്ലാത്ത അവസ്ഥയാണുള്ളത്.പാറക്കട്ടയിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിന്റെ സമീപത്താണു പുതുതായി ഇരുനില കെട്ടിടം നിർമിക്കുന്നത്. ഇതിനായി 1.20 കോടി രൂപയാണു അനുവദിച്ചത്. നിലവിൽ വനിത സ്റ്റേഷനിലെ ഇൻസ്പെക്ടർ സിഐ പി.ചന്ദ്രികയാണ്–ഫോൺ–04994231166. 9497990344

സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ
നിലവിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസ് കെട്ടിടത്തിനോടു ചേർന്ന പ്രവർത്തിക്കുന്ന സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ജില്ലയിൽ തുടങ്ങിയത് 2020 നവംബർ ഒന്നിനാണു. അതുവരെ സൈബർ സെൽ മാത്രമായിരുന്നു. സൈബർ പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണു സ്റ്റേഷൻ അനുവദിച്ചത്. മാസത്തിൽ നേരിട്ടും അല്ലാതെയുമായി നൂറോളം കേസുകളാണു ഇവിടെ റജിസ്റ്റർ ചെയ്യുന്നത്.

എന്നാൽ സ്റ്റേഷൻ പ്രഖ്യാപിച്ചപ്പോൾ ആകെ ഒരു ഇൻസ്പെക്ടർ തസ്തിക മാത്രമാണു അനുവദിച്ചത്. ഇപ്പോൾ 9 പേരുണ്ട്. ഇതിൽ 2 എസ്ഐയും 6 സിവിൽ പൊലീസ് ഓഫിസർമാരുമാണ്. ഇവർ മറ്റു സ്റ്റേഷനുകളിൽ നിന്നായി വർക്കിങ് അറേഞ്ച്മെന്റിൽ എത്തിയവരാണ്. പാറക്കട്ടയിലെ ജില്ലാ ഹെഡ്ക്വാർട്ടേഴേസിനടുത്താണു കെട്ടിടം നിർമിക്കുന്നത്.1.31 കോടി രൂപയാണു നിർമാണത്തിനായി അനുവദിച്ചത്. സൈബർ പരാതികൾ 1930 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് റജിസ്റ്റർ ചെയ്യാം. ഇൻസ്പെക്ടർ കെ.പ്രേംസദൻ–9497976013

Post a Comment

Previous Post Next Post