യാത്രക്ക് മുമ്പുള്ള കോവിഡ് പരിശോധന ഒഴിവാക്കി ഖത്തർ, ഇഹ്തിറാസ് നവംബർ ഒന്ന് മുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം ബാധകം


(www.kl14onlinenews.com)
(26-Oct-2022)

യാത്രക്ക് മുമ്പുള്ള കോവിഡ് പരിശോധന ഒഴിവാക്കി ഖത്തർ,
ഇഹ്തിറാസ് നവംബർ ഒന്ന് മുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം ബാധകം
ദോഹ:നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുന്ന ഖത്തര്‍ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ദോഹയിലെത്തിയ ശേഷമുള്ള കോവിഡ് പരിശോധനയും വേണ്ടെന്നു പൊതുജനാരോഗ്യ മന്ത്രാലയം.

ഖത്തറിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ യാത്രയ്ക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 24 മണിക്കൂര്‍ കാലാവധിയുള്ള റാപ്പിഡ് ആന്റിജന്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതും പ്രവാസി താമസക്കാരും പൗരന്മാരും വിദേശ യാത്ര കഴിഞ്ഞു ദോഹയില്‍ മടങ്ങിയെത്തി 24 മണിക്കൂറിനുള്ളില്‍ കോവിഡ് പിസിആര്‍ അല്ലെങ്കില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണമെന്നുമുള്ള വ്യവസ്ഥകളുമാണു നവംബര്‍ 1 മുതല്‍ ഒഴിവാക്കിയത്.
അതേസമയം കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ രാജ്യത്തെ ജനങ്ങളും സന്ദര്‍ശകരും മടികാട്ടരുതെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. ഫിഫ ലോകകപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണു കോവിഡ് പരിശോധനാ നയങ്ങളില്‍ മാറ്റം. നവംബര്‍ 1 മുതല്‍ ഖത്തറിന്റെ കോവിഡ് അപകട നിര്‍ണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസ് ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവേശനത്തിനു മാത്രമാക്കിയിട്ടുമുണ്ട്.

ഇഹ്തിറാസ് നവംബർ ഒന്ന് മുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം ബാധകം

ഖത്തറിലെ കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആരോഗ്യ കേന്ദ്രങ്ങളിൽ ഒഴികെ എല്ലായിടത്തും ഒഴിവാക്കാൻ തീരുമാനം. നവംബർ ഒന്ന് മുതൽ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവേശനത്തിനു മാത്രമായിരിക്കും ഇഹ്തിറാസിലെ ഗ്രീൻ സ്റ്റാറ്റസ് പരിഗണിക്കുക.
ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. രാജ്യം ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങവെയാണ് കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമായത്.

കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രി സഭാ യോഗത്തിൽ മെട്രോ, ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ മാസ്ക് ഉപയോഗത്തിലും ഇളവു നൽകിയിരുന്നു.

Post a Comment

Previous Post Next Post