ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം; ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

(www.kl14onlinenews.com)
(06-Sep -2022)

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം; ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ-ശ്രീലങ്ക പോരാട്ടം. ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ദുബായിൽ ഇന്ത്യന്‍സമയം വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

ശ്രീലങ്കയെ മുക്കാതെ ഇന്ത്യക്ക് രക്ഷയില്ല. സൂപ്പർ ഫോറിൽ പാകിസ്ഥാനോട് തോറ്റതോടെ കാര്യങ്ങളെല്ലാം അവതാളത്തിലായിരിക്കുകയാണ് ടീമിന്. ലങ്കയെയും അഫ്ഗാനിസ്ഥാനേയും തോൽപിച്ചാലേ ഇന്ത്യ ഫൈനലിലെത്തൂ. വിരാട് കോലിയടക്കമുള്ള ബാറ്റർമാർ ഫോമിലേക്ക് എത്തിയപ്പോൾ കുത്തഴിഞ്ഞ ബൗളിംഗാണ് ഇന്ത്യയുടെ ആശങ്ക. മൂന്ന് പേസർ, ഒരു സ്പിന്നർ, രണ്ട് ഓൾറൗണ്ടർ കോംപിനേഷനിലേക്ക് ഇന്ത്യ തിരിച്ചുപോകാനാണ് സാധ്യത. ഇങ്ങനെയെങ്കിൽ പാകിസ്ഥാനെതിരെ നന്നായി പന്തെറിഞ്ഞെങ്കിലും രവി ബിഷ്ണോയിക്ക് പകരം അക്സർ പട്ടേൽ ടീമിലെത്തും. റിഷഭ് പന്തിന് പകരം ദിനേശ് കാർത്തിക്കും പരിഗണനയിലുണ്ട്.

മധ്യ ഓവറുകളിൽ പാക് സ്പിന്നർമാർ ഇന്ത്യയുടെ പിടിച്ചുകെട്ടിയ പ്രകടനം വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരിലൂടെ ആവ‍ർത്തിക്കാമെന്നാണ് ലങ്കൻ പ്രതീക്ഷ. അഫ്ഗാനെ തോൽപിച്ച ആത്മവിശ്വാസവും ലങ്കയ്ക്ക് കൂട്ടായുണ്ട്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടുന്നവർ ബൗളിംഗ് തെരഞ്ഞെടുക്കാൻ രണ്ടാമതൊന്നും ആലോചിച്ചേക്കില്ല.

സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പാകിസ്ഥാന്‍ തോല്‍പിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റും ഒരു പന്തും ബാക്കിനില്‍ക്കേ ജയത്തിലെത്തി. 20 പന്തില്‍ 42 റണ്‍സും ഒരു വിക്കറ്റും മൂന്ന് ക്യാച്ചുമായി തിളങ്ങിയ മുഹമ്മദ് നവാസാണ് പാകിസ്ഥാന്‍റെ വിജയശില്‍പി. 51 പന്തില്‍ 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനും പാക് ജയത്തില്‍ നിര്‍ണായകമായി. നേരത്തെ 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ ഉറപ്പിച്ചത്

Post a Comment

Previous Post Next Post