പൊലീസ് പരിശോധനയെ വെട്ടിച്ച് കടന്നു, ഒടുവിൽ ചെറുവത്തൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും എംഡിഎഎയുമായി യുവാവ് പിടിയില്‍

(www.kl14onlinenews.com)
(08-Sep -2022)

പൊലീസ് പരിശോധനയെ വെട്ടിച്ച് കടന്നു, ഒടുവിൽ ചെറുവത്തൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും എംഡിഎഎയുമായി യുവാവ് പിടിയില്‍
ചെറുവത്തൂര്‍: കാസർകോട് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചെറുവത്തൂരില്‍ നിന്നാണ് അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും 23 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. സംഭവത്തില്‍ കാറോടിച്ചിരുന്ന കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പൊലീസ് അറസ്റ്റു ചെയ്തു.

മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ചെറുവത്തൂരില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. എന്നാൽ, പൊലീസ് കൈകാണിച്ചിട്ടും ഇതിന്‍ കുഞ്ഞ് വാഹനം നിർത്താതെ ഓടിച്ചു പോയി. അമിത വേഗത്തിൽ പോയ വാഹനം എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനം പിന്തുടര്‍ന്നെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. മഞ്ചേശ്വരത്തുനിന്നും വടകരയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നവഴിയാണ് ഇതിന്‍കുഞ്ഞ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ പേരിൽ പല സ്റ്റേഷനുകളിലും  ലഹരി കടത്തിയതുമായി ബന്ധപ്പെട്ട് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. അതിനിടെ സംസ്ഥാനത്തേക്ക് അതി തീവ്ര ലഹരി മരുന്നായ എം ഡി എം എ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതിയെ പൊലീസ് പിടികൂടി.  ഘാന സ്വദേശിനി ഏഞ്ചല്ല തക്വിവായെയാണ് ബെംഗലൂരുവിൽ വച്ച് പാലാരിവട്ടം പൊലീസ് പിടികൂടിയത്.

ജൂലൈ 20 നാണ് കൊച്ചി കലൂർ സ്റ്റേഡിയത്തിന് അരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് 102 ഗ്രാം എം ഡി എം എ പൊലീസ് പിടികൂടിയത്. ഈ കേസിന്‍റെ അന്വേഷണത്തിലാണ് ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ യുവതി പൊലീസിന്റെ പിടിയിലായത്. നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ ഉൾപ്പെടെ ആറ് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഏഞ്ചലയുടെ ഒളിത്താവളം പൊലീസ് കണ്ടെത്തിയത്. പാലാരിവട്ടം എസ് എച്ച് ഒ സനലിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ബെംഗളൂരു കെ ആർ പുരത്ത് വച്ചാണ് ഇവരെ പിടികൂടിയത്

Post a Comment

أحدث أقدم