ലഫ്.ജനറൽ അനിൽ ചൗഹാൻ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റു

(www.kl14onlinenews.com)
(30-Sep -2022)

ലഫ്.ജനറൽ അനിൽ ചൗഹാൻ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റു
ഡൽഹി :
ലഫ്.ജനറൽ അനിൽ ചൗഹാൻ രാജ്യത്തെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റു. എല്ലാ വെല്ലുവിളികളും നേരിടുമെന്നാണ് ചുമതല ഏറ്റഎടുത്ത ശേഷം അനിൽ ചൗഹാൻ പ്രതികരിച്ചത്. എല്ലാ വെല്ലുവിളികളും ബുദ്ധിമുട്ടുകളും മൂന്ന് സേനകളും ഒരുമിച്ച് നേരിടുമെന്ന് അനിൽ ചൗഹാൻ പറഞ്ഞു. ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിച്ച ശേഷമാണ് അദ്ദേഹം ചുമതലയേറ്റത്.

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ജനറൽ ബിപിൻ റാവത്തിന് ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. സിഡിഎസിനൊപ്പം സൈനികകാര്യ സെക്രട്ടറി പദവിയും ലെഫ്. ജനറൽ അനിൽ ചൗഹാൻ വഹിക്കും. അഗ്‌നിപഥ് പദ്ധതി നടപ്പാക്കൽ, ഇന്ത്യ - ചൈന അതിർത്തിയിലെ കമാണ്ടർതല ചർച്ചകൾ തുടങ്ങിയവ പുരോഗമിക്കുന്നതിനിടയിലാണ് നിയമനം.

പുതിയ നിയോഗം തന്നിൽ ഏൽപ്പിച്ചതിൽ സർക്കാരിനും ജനങ്ങൾക്കും നന്ദിയെന്ന് അനിൽ ചൗഹാൻ പറഞ്ഞു. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ മറികടക്കാനുള്ള നടപടികൾക്ക് ഊന്നൽ നൽകും. എല്ലാ പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും നമ്മൾ തരണം ചെയ്യും. അഭിമാനത്തോടെയാണ് ഈ സ്ഥാനം ഏറ്റെടുക്കുന്നതെന്നും ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.

ഭീകരരുടെ പേടിസ്വപ്നം, 40 വര്‍ഷത്തെ അനുഭവ സമ്പത്ത്; പുതിയ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാനെ അറിയാം..

ജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി (സിഡിഎസ്) ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാനെ(റിട്ട) കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിന് ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. 40 വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച അനില്‍ ചൗഹാന്‍ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. ജമ്മു കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും തീവ്രവാദം ഉന്മൂലനം ചെയ്യുന്നതില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.

വടക്കന്‍, കിഴക്കന്‍ കമാന്‍ഡുകളില്‍..

1961 മെയ് 18-നാണ് ജനിച്ചത് ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) അനില്‍ ചൗഹാന്‍. 1981-ല്‍ അദ്ദേഹം ഇന്ത്യന്‍ ആര്‍മിയുടെ 11 ഗൂര്‍ഖ റൈഫിള്‍സില്‍ ചേര്‍ന്നു. ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. മേജര്‍ ജനറല്‍ റാങ്കിലായിരിക്കുമ്പോള്‍, നോര്‍ത്തേണ്‍ കമാന്‍ഡിലെ ബാരാമുള്ള സെക്ടറിലെ ഇന്‍ഫന്‍ട്രി ഡിവിഷന്‍ കൈകാര്യം ചെയ്തു. പിന്നീട് അദ്ദേഹം ലെഫ്റ്റനന്റ് ജനറലായപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ സേനയെ നയിച്ചു. തുടര്‍ന്ന് ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായി സേവനമനുഷ്ഠിച്ചു. 2019 സെപ്റ്റംബറില്‍ ഈ പദവിലെത്തിയ അനില്‍ ചൗഹാന്‍ 2021 മെയ് മാസത്തിലാണ് വിരമിച്ചത്.

തീവ്രവാദം ഉന്മൂലനം ചെയ്യുന്നതില്‍ വിദഗ്ധന്‍

ഭീകരവാദം ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അനില്‍ ചൗഹാന്‍ എന്നും അറിയപ്പെട്ടിരുന്നത്. ജമ്മു കശ്മീരില്‍ നിയമിതനായപ്പോള്‍ സൈന്യത്തിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഏറെ അനുഭവസമ്പത്തുമായി വടക്കുകിഴക്കന്‍ മേഖലയില്‍ എത്തിയപ്പോള്‍ അവിടെയും തീവ്രവാദം തുടച്ചുനീക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വിവിധ കമാന്‍ഡുകളിലെ അദ്ദേഹത്തിന്റെ നിയമനം തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ശക്തിപ്പെടുത്തി.
കൂടാതെ അംഗോളയിലെ യുഎന്‍ മിഷനില്‍ അനില്‍ ചൗഹാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മെയ് 31-ന് വിരമിച്ചതിന് ശേഷവും, രാജ്യത്തിന്റെ സുരക്ഷയും തന്ത്രവും തീരുമാനിക്കാനുള്ള പ്രവര്‍ത്തനം അദ്ദേഹം തുടര്‍ന്നു. ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സിന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. കരസേനയിലെ വിശിഷ്ടവുമായ സേവനം പരിഗണിച്ച് അദ്ദേഹം പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, സേന മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവയ്ക്ക് അര്‍ഹനായി.

സിഡിഎസ് മാത്രമല്ല..

രാജ്യത്തിന്റെ പുതിയ സിഡിഎസായി മാറുന്നതിനൊപ്പം, ലെഫ്റ്റനന്റ് ജനറല്‍ (റിട്ട) അനില്‍ ചൗഹാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സൈനിക കാര്യ വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിക്കും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) നിയമനവുമായി ബന്ധപ്പെട്ട മൂന്ന് പ്രതിരോധ സേനകളുടെ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ പ്രതിരോധ മന്ത്രാലയം ഈ വര്‍ഷം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ലെഫ്റ്റനന്റ് ജനറല്‍ അല്ലെങ്കില്‍ ജനറല്‍ റാങ്കില്‍ നിന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ആകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനായി കര, വ്യോമ, നാവിക സേനകളുടെ സേവന നിയമത്തിലും പ്രതിരോധ മന്ത്രാലയം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post