ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് അഫ്ഗാൻ പാക്കിസ്ഥാനെതിരെ

(www.kl14onlinenews.com)
(07-Sep -2022)

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് അഫ്ഗാൻ പാക്കിസ്ഥാനെതിരെ
ദുബായ് :
ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യക്ക് മത്സരമില്ല. പക്ഷേ, ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിന് അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള ഇന്നത്തെ മത്സരം ഏറെ നിർണായകമാവും. പാകിസ്താനെതിരെ ഇന്ന് അഫ്ഗാനിസ്താൻ ജയിച്ചെങ്കിൽ മാത്രമേ ഇന്ത്യക്ക് ഫൈനൽ പ്രവേശനത്തിനുള്ള നേരിയ സാധ്യത നിലനിൽക്കുന്നുള്ളൂ. പാകിസ്താൻ ഈ കളി ജയിച്ചാൽ അഫ്ഗാനിസ്താനൊപ്പം ഇന്ത്യയും ഏഷ്യാ കപ്പിൽ നിന്ന് പുറത്താവും

സൂപ്പർ ഫോറിൽ പാകിസ്താനും ശ്രീലങ്കയും പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ തുലാസിലായത്. അഫ്ഗാനിസ്താൻ നേരത്തെ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ രണ്ട് ജയവുമായി ശ്രീലങ്ക ഫൈനൽ ഉറപ്പിച്ചു. ഇന്നത്തെ കളിയിൽ പാകിസ്താനെ തോല്പിക്കാൻ അഫ്ഗാനിസ്താനു സാധിച്ചാൽ ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ ടീമുകൾക്ക് ഒരു ജയം വീതമാവും. ഇന്ത്യക്ക് ഇനി അഫ്ഗാനിസ്താനുമായി മത്സരമുണ്ട്. ഈ കളി ഉയർന്ന മാർജിനിൽ ജയിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷ വെക്കാം. എന്നാൽ, അപ്പോഴുമുണ്ട് പ്രശ്നം. പാകിസ്താന് ഇനി ശ്രീലങ്കയുമായി കളിയുണ്ട്. ആ കളി ശ്രീലങ്ക തന്നെ ജയിക്കണം. അങ്ങനെയെങ്കിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഫൈനൽ കളിക്കും

ഇന്ത്യ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 6 വിക്കറ്റും ഒരു പന്തും ശേഷിക്കേ ശ്രീലങ്ക മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ കുസൽ മെൻഡിസ്, പാത്തും നിസ്സാങ്ക എന്നിവരാണ് ലങ്കയുടെ വിജയ ശിൽപികൾ. ക്യാപ്റ്റൻ ദാസുൻ ഷനക പുറത്താകാതെ 33 റൺസും ഭാനുക രാജപക്സെ പുറത്താകാതെ 25 റൺസും നേടി ടീമിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചാഹൽ 34 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും നേടി.

പാകിസ്താനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം 5 വിക്കറ്റും ഒരു പന്തും ബാക്കിനിൽക്കെ പാകിസ്താൻ മറികടന്നു. ഇന്ത്യക്കായി വിരാട് കോലി (60), രോഹിത് ശർമ (28) എന്നിവർ തിളങ്ങിയപ്പോൾ പാകിസ്താനു വേണ്ടി മുഹമ്മദ് റിസ്‌വാൻ (71), മുഹമ്മദ് നവാസ് (42) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു

പാക്കിസ്ഥാൻ തോറ്റിട്ടും കാര്യമില്ല; ഇന്ത്യ ഇനി ഫൈനൽ കളിക്കാൻ പലതും നടക്കണം!

ദുബായ്, ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ച മട്ടാണ്. സൂപ്പർ ഫോറിലെ രണ്ടാം മത്സരവും തോറ്റതോടെയാണു ഇന്ത്യയുടെ മുന്നോട്ടുപോക്കു പ്രതിസന്ധിയിലായത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് അഞ്ചു വിക്കറ്റിനു തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ ശ്രീലങ്കയോടും തോൽ‌വി സമ്മതിച്ചു. ആറു വിക്കറ്റ് വിജയമാണു ശ്രീലങ്ക നേടിയത്.

ഇനി ഇന്ത്യയ്ക്ക് ഒരു കളിയാണു സൂപ്പർ ഫോറിൽ ബാക്കിയുള്ളത്. ആ മത്സരം ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാനാകില്ല. കാരണം ഇന്ത്യയുടെ ഫൈനൽ പ്രവേശം സാധ്യമാകണമെങ്കിൽ അതിനു ചില കാര്യങ്ങൾ കൂടി നടക്കേണ്ടതുണ്ട്. ഇന്ന് നടക്കുന്ന പാക്കിസ്ഥാനെതിരായ കളിയിൽ അഫ്ഗാനിസ്ഥാൻ ജയിക്കണം. ഇന്ത്യ അഫ്ഗാനിസ്ഥാനെ തോൽപിക്കുന്നതു കൂടാതെ ശ്രീലങ്ക പാക്കിസ്ഥാനെയും തോൽപിക്കണം.

ഇതെല്ലാം സാധ്യമായാലും നെറ്റ് റൺറേറ്റിൽ ഇന്ത്യ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും മുകളിലെത്തണമെന്ന ഒരു കടമ്പ കൂടി ബാക്കിയുണ്ട്. അതേസമയം ഇന്നു പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനെ തോൽപിച്ചാൽ ഇന്ത്യയും അഫ്ഗാനും പുറത്താകും. ശ്രീലങ്കയും പാക്കിസ്ഥാനും ഫൈനൽ കളിക്കും. ബാറ്റിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയൊഴികെ മറ്റാർക്കും തകർത്തടിക്കാനാവാതെ പോയതും ബോളിങ്ങിൽ തുടക്കത്തിൽത്തന്നെ അടിയേറ്റു വാങ്ങിയതുമാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്കു തിരിച്ചടിയായത്.

Post a Comment

Previous Post Next Post