ഏഷ്യാ കപ്പ് ടി20: പിച്ചിൽ ഇറങ്ങുന്നത് വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട്: രോഹിത് ശർമ

(www.kl14onlinenews.com)
(28-Aug -2022)

ഏഷ്യാ കപ്പ് ടി20:
പിച്ചിൽ ഇറങ്ങുന്നത് വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട്: രോഹിത് ശർമ
ദുബായ്: വലിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണു ഏഷ്യ കപ്പിൽ ടീം ഇന്ത്യ ഇറങ്ങുന്നതെന്നും അവിടെ ഒരു ടീമോ ഒരു മൽസരമോ മാത്രമല്ല പ്രധാനമെന്നും ക്യാപ്റ്റൻ രോഹിത് ശർമ. പാക്കിസ്ഥാനുമായുള്ള മൽസരം നിർണായകം തന്നെയാണ്. 

ആ ഗൗരവത്തിൽ തന്നെയാണു കാണുന്നത്. എന്നാൽ, അതിൽ മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ ലക്ഷ്യം. കഴിഞ്ഞ കളിയിലെ തോൽവി നമുക്ക് വേദനയുണ്ടാക്കി. എന്നാൽ, അതു കഴിഞ്ഞു പോയി. ഇപ്പോഴും അതിന്റെ നിഴലിലല്ല ടീം.

തോൽവിയിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ടു കൃത്യമായ മാറ്റങ്ങൾ വരുത്തിയാണ് ടീം പിന്നീടുള്ള മൽസരങ്ങൾ കളിച്ചത്. 

ഇന്ത്യ പാക്കിസ്ഥാൻ മൽസരം വരുമ്പോൾ സ്വാഭാവികമായും മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ തലക്കെട്ടുകൾ നിറയും. എന്നാൽ, അതിന്റെ സമ്മർദം ഇന്ത്യൻ ടീമിനില്ല. നല്ല ക്രിക്കറ്റ് കാഴ്ച വയ്ക്കാനാണ് ആഗ്രഹിക്കുന്നത്.

 പാക്കിസ്ഥാനുമായി പരമ്പരകൾ കളിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ബോർഡുകളാണ്. ബോർഡ് അങ്ങനൊരു തീരുമാനം എടുത്താൽ പാക്കിസ്ഥാനിൽ കളിക്കുന്നതിൽ സന്തോഷം മാത്രമേയുള്ളുവെന്നും രോഹിത് ശർമ പറഞ്ഞു. 

ദുബായിലെ പിച്ച് സ്പിന്നിനെ അനുകൂലിക്കുന്നതാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

 ശ്രീലങ്ക – അഫ്ഗാനിസ്ഥാൻ മൽസരം കഴിയുമ്പോൾ ഇക്കാര്യത്തിൽ ഒരു ധാരണയുണ്ടാകും. ടോസ് നിർണായകമാകുമോ എന്നതു പിച്ചിനെ ആശ്രയിച്ചിരിക്കും.

 ഏതു സാഹചര്യത്തിലും ഉപയോഗിക്കാൻ കഴിയുന്ന ബോളർമാർ ടീമിലുണ്ട്. പാക്കിസ്ഥാൻ ടീമിൽ ഷാഹിൻ അഫ്രീദിയും ഇന്ത്യൻ ടീമിൽ ജസ്പ്രിത് ബുമ്രയും ഇല്ലാത്തതും നഷ്ടം തന്നെയാണ്. അന്തിമ ടീമിനെ ഇന്നു മാത്രമേ തീരുമാനിക്കൂ. ഗ്രൗണ്ടിലെ സാഹചര്യവും ഈർപ്പത്തിന്റെ സാന്നിധ്യവും പരിഗണിക്കും. 

ആര് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നത് രഹസ്യമാണെന്നും ടോസ് ഇട്ടു കഴിയുമ്പോൾ പറയാമെന്നും ഒരു ചോദ്യത്തിനു മറുപടിയായി രോഹിത് ശർമ പറഞ്ഞു. 

ഇന്ത്യയുമായുള്ള മൽസരം ഏറെ ആസ്വദിക്കുന്നു:  ബാബർ അസം

ദുബായ്∙ ക്യാപ്റ്റൻ എന്ന നിലയിൽ ഓരോ കളിയും പ്രധാനമാണെന്നു പാക്കിസ്ഥാൻ നായകൻ ബാബർ അസം. ഇന്ത്യയുമായുള്ള കളി ഏറ്റവും ആസ്വദിച്ചു കളിക്കുന്നതാണ്. ഇന്നത്തെ മൽസരത്തെ അതേ ആവേശത്തോടെയാണ് കാണുന്നത്. 

ടീമിലെ രണ്ട് ഫാസ്റ്റ് ബോളർമാർക്കു പരുക്കേറ്റത് ഗൗരവമുള്ള വിഷയമാണ്, എങ്കിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുന്ന ടീം തന്നെ ഇന്ന് മൽസരത്തിനിറങ്ങും.  

ഏതു സാഹചര്യത്തിലും കളിക്കാൻ കഴിയുന്ന ടീമാണ്, എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു

Post a Comment

Previous Post Next Post