റയ്യാൻ കവാടം വിശപ്പിന്റെ വിശുദ്ദപാഠങ്ങൾ സമ്മാനിക്കുന്ന ഒരു നോമ്പ് കാലം കൂടി നമ്മളിലേക്ക് ആഗതമായിരിക്കുകയാണ്..

റയ്യാൻ കവാടം

✍️അബ്ദുൽ ഹമീദ് എം എം മയ്യളം

വിശപ്പിന്റെ വിശുദ്ദപാഠങ്ങൾ സമ്മാനിക്കുന്ന ഒരു നോമ്പ് കാലം കൂടി നമ്മളിലേക്ക് ആഗതമായിരിക്കുകയാണ്...

ഓരോ നിമിഷവും തെറ്റിൽ അകപ്പെട്ടുപോയ നമ്മുടെ ജീവിതത്തെ പരിശുദ്ധമാക്കാൻ വേണ്ടിയൊരു മാസം.

ഓരോ ഫർളിന് എഴുപത് ഫർളിന്റെ കൂലിയും, ഓരോ സുന്നത്തിന് ഒരു ഫർളിന്റെ കൂലിയും ലഭിക്കുന്ന ഒരേയൊരു മാസം...

പണക്കാരനും പാവപ്പെട്ടവനും, കറുത്തവനും വെളുത്തവനും ഒരേപോലെ അല്ലാഹുﷻവിന് വേണ്ടി തന്റെ വിശപ്പ് അടക്കിപ്പിടിക്കുകയും ചെയ്യുന്ന ഒരേയൊരു മാസം...

ഒരു മതത്തിനോ സംസ്കാരത്തിനോ അവകാശപ്പെടാനില്ലാത്ത പുണ്യങ്ങളും പ്രതിഫലവും നിറഞ്ഞ മാസം.

പുണ്യ റമളാൻ മാസം...

*يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ*

നിങ്ങളുടെ പുർവികന്മാർക്ക് നോമ്പ് നിർബന്ധമാക്കിയത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു, നിങ്ങൾ ഭക്തിയുള്ളവരാകാൻ വേണ്ടി...
(വി.ഖു 2:183)

പതിനൊന്നു മാസത്തോളം തെറ്റുകളിൽ അകപ്പെട്ട മനുഷ്യർക്ക് തന്റെ ഹൃദയത്തിന്റെ കറകൾ തുടച്ചു നീക്കുകയും അല്ലാഹുﷻവിലേക്ക് തിരിച്ചു വരുകയും ചെയ്യാൻ വേണ്ടി അല്ലാഹു ﷻ സമ്മാനിച്ച ഒരു മാസമാണ് റമളാൻ.

പിശാചിന്‍റെ പ്രവര്‍ത്തനത്തിനും നരകത്തിന് കാരണമാകുന്ന കാര്യങ്ങളില്‍ നിന്ന് അകലാനും ഒത്തിണങ്ങിയ സമയം പരമാവധി ഉപയോഗപ്പെടുത്താനാണ് വിശ്വാസി ശ്രമിക്കേണ്ടത്. നമ്മെ ശല്യപ്പെടുത്താതിരിക്കാന്‍ അല്ലാഹു പിശാചിനെ തടഞ്ഞ സമയത്ത്, നാഥനെ ധിക്കരിച്ച് പിശാചിനെ അഴിച്ചുവിടരുത്. നന്മയിലേക്കാകര്‍ഷിക്കപ്പെടുന്ന കാലത്ത് അടക്കപ്പെട്ട നരക വാതിലുകള്‍ നാം തുറപ്പിക്കരുത്. റമളാനില്‍ അല്ലാഹു ഏര്‍പ്പെടുത്തിയ അനുകൂല സാഹചര്യം കൈവിട്ട് കളയുന്നത് മഹാനഷ്ടമായിരിക്കും.

ബന്ധിക്കപ്പെട്ട പിശാചിന് ഇനി ഒരിക്കലും എന്നെ സ്വാധീനിക്കാന്‍ സാധിക്കരുത് എന്ന വിചാരത്തില്‍ റമളാനിലും ശേഷവും നന്മകള്‍ വര്‍ധിപ്പിക്കണം. നോമ്പിന്‍റെ മഹത്ത്വം പരിപൂര്‍ണമായി ലഭിക്കുന്നതിന് നാം പഠിച്ച ചൊല്ലലും പറയലും ഓതലും കേള്‍ക്കലും ചെയ്യലും ശീലമാക്കണം. എങ്കില്‍ നമ്മുടെ നോമ്പിന് തിളക്കവും പ്രതിഫലവും കൂടും. തദ്ഫലമായി പിശാചിന്‍റെ കെണിയില്‍ നിന്ന് രക്ഷപ്പെടാനുമാകും. ഭീകരവും കടുത്തതുമായ ശിക്ഷകളുടെ സങ്കേതമായ നരകശിക്ഷയുടെ കാഠിന്യവും ഭയാനകതയും ആലോചിക്കുക. അതില്‍ നിന്ന് ദൂരത്താകാനായി ലഭിച്ച ഈ സുവര്‍ണാവസരം പാഴാക്കിക്കളയരുത്. കൊട്ടിയടക്കപ്പെട്ട നരകവാതിലുകള്‍ നാം തന്നെ നമുക്കെതിരായി തുറക്കരുത്. സത്യവിശ്വാസത്തിന്‍റെ സദ്ഫലങ്ങള്‍ കൊയ്തെടുക്കേണ്ട റമളാന്‍ കാലത്തിലെ അനുകൂല അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത അനിവാര്യമാണ്.

നരകപ്രവേശനത്തിന് കാരണാകുന്ന എന്തെങ്കിലും നമ്മുടെ ജീവിതത്തില്‍ വന്നോ എന്നതിനെ കുറിച്ച് കൃത്യമായ ധാരണ നമുക്കുണ്ടാവണമെന്നില്ല. സ്വര്‍ഗപ്രവേശനം തടയുന്ന പല അരുതായ്മകളുമുണ്ട്. നരകപ്രവേശനം എളുപ്പമാകുന്ന കാര്യങ്ങളായിരിക്കും അവ. അത്തരത്തില്‍ വല്ലതും നമ്മിലുണ്ടെങ്കില്‍ അതില്‍ നിന്ന് കൃത്യമായ മാര്‍ഗത്തിലൂടെ പൂര്‍ണമായ തൗബ ചെയ്ത് മോചനം നേടണം. പാപങ്ങളില്‍ നിന്ന് മോചനം നേടാനുള്ള സുവര്‍ണാവസരം കൂടിയാണ് റമളാന്‍. നോമ്പനുഷ്ഠാനവും തറാവീഹ് നിസ്കാരവും മുറപോലെ നടത്താന്‍ പാപമോചനം സാധ്യമാവുമെന്ന് നേരത്തെ സൂചിപ്പിച്ചു. നമ്മുടെ നോമ്പിന്‍റെയും നിസ്കാരത്തിന്‍റെയും സ്ഥിതി നാം ധരിക്കുന്നത് പോലെയാവണമെന്നില്ല. അതിനാല്‍ തൗബക്കും ഇസ്തിഗ്ഫാറിനും വലിയ പ്രാധാന്യമുണ്ട്. എന്തെങ്കിലുമൊരു പാപം വിലങ്ങ് നിന്നാല്‍ നമ്മുടെ സ്വര്‍ഗമോഹം പൂവണിയാതെ പോയേക്കാം.

തൗബ ചെയ്താല്‍ പാപത്തില്‍ നിന്നു ശുദ്ധനാകും. നബി(സ്വ) പഠിപ്പിച്ചു: തെറ്റില്‍ നിന്ന് പശ്ചാത്തപിക്കുന്നവന്‍ തെറ്റ് ചെയ്തിട്ടില്ലാത്തവനെ പോലെയാണ് (ഇബ്നുമാജ). വളരെ പ്രതീക്ഷ നല്‍കുന്ന വചനമാണിത്. സാഹചര്യത്തിന്‍റെ സമ്മര്‍ദത്താലോ മറ്റോ സംഭവിച്ച തെറ്റുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നുവെന്നാണല്ലോ ഇതിനര്‍ത്ഥം. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം നാഥന്‍റെ തൗബ സ്വീകരിക്കുന്നവനാണ്. അതവന് ഇഷ്ടമുള്ള കാര്യമാണ്. തൗബതന്നെ ഒരു പുണ്യമാണ്. സത്യസന്ധമായ തൗബവഴി തിന്മ മായ്ക്കപ്പെടുകയും തല്‍സ്ഥാനത്ത് തൗബ എന്ന പുണ്യം രേഖപ്പെടുത്തുകയും ചെയ്യും. റമളാനിലെ മധ്യഭാഗം പാപമോചനത്തിന്‍റേതാണെന്ന് പ്രത്യേകം ഹദീസില്‍ വന്നിട്ടുണ്ട്.

റമളാനിലെ വളരെ സന്തോഷകരമായ ഒരു കാരുണ്യമാണ് നരകാവകാശികളായവരെ ശിക്ഷയില്‍ നിന്ന് മോചിപ്പിക്കുന്നത്. റമളാനിനെ മാന്യമായി സ്വീകരിക്കുകയും പുണ്യകര്‍മങ്ങളനുഷ്ഠിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് നരകമോചനം ലഭിക്കും. റമളാന്‍ എന്നാല്‍ കരിച്ചുകളയുക എന്നാണല്ലോ. പാപങ്ങളെ കരിച്ചുകളഞ്ഞ് നന്മകളുടെ പ്രതിഫലം ഏറെ ലഭിച്ച് വിജയം നേടാനാവുന്നതിനാലാണിത്. റമളാനായാല്‍ ഇങ്ങനെ വിളിച്ചുപറയും: നന്മ കാംക്ഷിക്കുന്നവനേ മുന്നോട്ടു വരൂ. തിന്മ പ്രവര്‍ത്തിക്കുന്നവനേ അവസാനിപ്പിക്കൂ. അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന അടിമകളുണ്ട്. അത് എല്ലാ രാത്രികളിലുമുണ്ട് (തുര്‍മുദി). എല്ലാ ദിവസങ്ങളിലെയും നോമ്പ് തുറക്കുന്ന സമയത്ത് ചിലരെ നാഥന്‍ നരകമോചിതരാക്കും (അഹ്മദ്). അറുപതിനായിരം പേരാണ് ഓരോ രാത്രിയിലും പാപമുക്തരാക്കപ്പെടുന്നത്. പെരുന്നാള്‍ പകലില്‍, റമളാന്‍ മുപ്പത് നാളിലും മോചിതരാക്കപ്പെട്ടവരുടെ അത്ര പേരെ അല്ലാഹു മോചിപ്പിക്കും (ബൈഹഖി). റമളാനിലെ അവസാന ഭാഗം നരകമോചനത്തിന്‍റേതാണ് (ഇബ്നു ഖുസൈമ).

നരകമുക്തിക്ക് നിയോഗിക്കപ്പെട്ട അവസരമെന്ന നിലയില്‍ റമളാനിനെ പരിഗണിക്കാനായാല്‍ വിജയിക്കാം. അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും സാധ്യമായ സല്‍കര്‍മങ്ങളെല്ലാം അനുഷ്ഠിക്കുകയും തിന്മകള്‍ പൂര്‍ണമായി വര്‍ജിക്കുകയും ചെയ്യുക എന്നത് ഈ സൗഭാഗ്യം ലഭിക്കാനാവശ്യമാണ്. അല്ലാഹു പ്രവാചകര്‍ വഴി നല്‍കിയ വാഗ്ദാനമാണിത്. വാഗ്ദാനം ലംഘിക്കാത്തവനാണ് അല്ലാഹു. അതിനാല്‍ വാഗ്ദത്തം ചെയ്യപ്പെട്ടതിന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ അത് വിഫലമാവുകയില്ല.

✍️ അബ്ദുൽ ഹമീദ് എം എം മയ്യളം. 

1 تعليقات

إرسال تعليق

أحدث أقدم